മലപ്പുറം: യുവ ടെലിഫിലിം സംവിധായികയും നടിയുമായ യുവതി തീകൊളുത്തി മരിച്ചത് ജി.എസ്.ടി കാരണമുള്ള സാമ്പത്തിക ബാധ്യതയണെന്ന് പിതാവിന്റെ മൊഴി. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി മേനിയില്‍ വിജയന്റെ മകള്‍ കവിത(28)യെയാണ് നിലമ്പൂര്‍ മുതീരിയിലെ വാടക വീട്ടില്‍ ഞായറാഴ്ച രാവിലെ പത്തരയോടെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്.
വീട്ടില്‍ നിന്ന് പുകയും ശബ്ദവും കേട്ടതനുസരിച്ച് അയല്‍ക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസും അഗ്നിരക്ഷാ സേനയുമെത്തി വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്. അപ്പോഴേക്കും പൂര്‍ണ്ണമായും കത്തിക്കരിഞ്ഞിരുന്നു. ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ‘എന്നെ വേണ്ടാത്ത ഈ ലോകത്ത് നിന്നും ഞാന്‍ പോകുന്നു’ എന്നാണ് ആത്മഹത്യാകുറിപ്പിലെന്ന് പൊലീസ് പറഞ്ഞു. വ്യക്തികളുടെയോ മറ്റോ പേരില്ല. പെട്രോളൊഴിച്ചാണ് ദേഹം കത്തിച്ചതെന്നാണ് കരുതുന്നത്.
അതേസമയം, കവിതയുടെ പിതാവ് വിജയന്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ മകള്‍ ബാംഗ്ലൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്താന്‍ ശ്രമിച്ചെന്നും ജി.എസ്.ടി കാരണം തുടങ്ങാന്‍ കഴിഞ്ഞില്ലെന്നും ഇതുമൂലമുണ്ടായ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്കു പിന്നിലെന്നുമാണ് പറഞ്ഞിരിക്കുന്നത്.
നിലമ്പൂര്‍ സി.ഐ. കെ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ് പാലക്കാട് സ്വദേശി വിജേഷുമായി രണ്ടു വര്‍ഷമായി വേര്‍പിരിഞ്ഞാണ് കവിതയുടെ താമസം. മാതാവ്: കാര്‍ത്ത്യായനി. ഏകമകള്‍: ചിഞ്ചു.
.
റിപ്പോര്‍ട്ട്: എം വിനോദ്