അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാനെരുങ്ങി തെലുങ്ക് നടന്‍ സായ് ധരം തേജ്

തെലുങ്ക് സിനിമ ലോകത്ത് ചുരുങ്ങിയ കാലംകൊണ്ട് തന്റേതായ ഇരിപ്പിടം നേടിയെടുത്ത നടനാണ് സായ് ധരം തേജ്. വിരൂപാക്ഷ എന്ന ചിത്രം ഹിറ്റാവുകയും പുതിയ ചിത്രം റിലീസിനൊരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ അഭിനയത്തില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് താരം.

തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സമുദ്രക്കനി സംവിധാനം ചെയ്യുന്ന ‘ബ്രോ’ ആണ് സായ് ധരത്തിന്റേതായി വരാനിരിക്കുന്ന ചിത്രം. ഈ മാസം 28-ന് ചിത്രം റിലീസ് ചെയ്തതിന് ശേഷം സിനിമയില്‍ നിന്ന് ആറുമാസത്തെ ഇടവേളയെടുക്കുമെന്നാണ് സായ് തെലുങ്ക് മാധ്യമങ്ങളോട് പ്രതികരിച്ചത്. രണ്ടുവര്‍ഷം മുമ്പ് ഹൈദരാബാദില്‍വച്ചുണ്ടായ ബൈക്കപകടത്തില്‍ നടന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഏറെ നാളുകള്‍ കോമയില്‍ക്കഴിയേണ്ടിയും വന്നിരുന്നു. ഇതിന്റെ തുടര്‍ ചികിത്സാര്‍ത്ഥമാണ് സായ് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നത്.

‘പ്രേക്ഷകരില്‍ നിന്ന് ഒരു പരാതിയും ഉണ്ടാകരുത്. സിനിമകള്‍ക്കുവേണ്ടി എന്റെ എല്ലാം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു ചെറിയ സര്‍ജറി ചെയ്യണം. പൂര്‍വാധിക ശക്തിയോടെ ഞാന്‍ തിരിച്ചുവരും. പൂര്‍ണമായി സുഖം പ്രാപിക്കാന്‍ ഏകദേശം ആറുമാസം വേണ്ടിവരും.” സായ് ധരം തേജ മാധ്യമങ്ങളോട് പ്രതികരിച്ചു.

Top