തിരുവനന്തപുരം: അസഹനീയമായ ചൂടില്‍ കേരളം ചുട്ടുപൊള്ളുന്നതിനിടെ കൊടുംചൂടിലേക്ക് നീങ്ങുമെന്നു മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്.
അടുത്ത രണ്ടു ദിവസം കേരളത്തില്‍ ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. പൊതുവേ സംസ്ഥാനത്ത് താപനില ഉയരും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടും.
ഇന്നു നാളെയും അതികഠിനമായ ചൂടുണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. വരണ്ട കാറ്റു വീശുന്നതും ചൂട് വര്‍ധിക്കാന്‍ കാരണമായി പറയുന്നു.
സംസ്ഥാനത്ത് തുടരുന്ന എല്‍ നിനോ പ്രതിഭാസമാണ് ചൂടു കൂടാന്‍ കാരണമായി പറയുന്നത്. സംസ്ഥാന ചരിത്രത്തിലെ തന്നെ ഉയര്‍ന്ന താപനിലയാണ് ഇന്നലെ പാലക്കാട്ട് രേഖപ്പെടുത്തിയത്. മലമ്പുഴയില്‍ 41.9 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട് 1987ല്‍ പാലക്കാട്ടു രേഖപ്പെടുത്തിയ 41.8 ഡിഗ്രി ആയിരുന്നു. രാജ്യത്തിന്റെ പലഭാഗത്തും കടുത്ത വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്.