ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ താപനില കൂടുമ്പോള്‍; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ദിനംപ്രതി താപനില വരുമ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരാഴ്ചയായി മഴ കനക്കുന്നു. ബ്രഹ്മപുത്ര നദി കരകവിഞ്ഞതോടെ ആസ്സാമിലെ പല ജില്ലകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. ഇന്നലെ 47.6 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 2002 മേയ് മാസത്തിന് ശേഷം ഡല്‍ഹിയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

നാളെ വരെ ഡല്‍ഹിയെ കൂടാതെ ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും ചൂട് കടുക്കുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2002 മെയില്‍ 46 ഡിഗ്രി ആയിരുന്നു മെയ് മാസത്തെ ഉയര്‍ന്ന താപനില. ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.

പേമാരിയെ തുടര്‍ന്ന് ബ്രഹ്മപുത്ര നദി കരകവിഞ്ഞതോടെയാണ് മാസങ്ങള്‍ക്ക് ശേഷം ആസ്സാം വീണ്ടും വെള്ളപ്പൊക്കത്തെ നേരിടേണ്ടി വന്നത്. ആസ്സാമിലെ കാംരൂപ് ജില്ലയിലാണ് നിലവില്‍ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്. വരും മണിക്കൂറുകളില്‍ ജോര്‍ഹട്ട്, സോനിത്പൂര്‍ ജില്ലകളിലും വെള്ളപ്പൊക്കം ശക്തിപ്പെടുമെന്ന് കേന്ദ്ര ജലക്കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top