മുംബൈ: ക്ഷേത്രത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാണ്ഡിവാലിയിലെ ഭണ്ഡാര്‍ പഖാജി റോഡിലുള്ള സായ്ബാബ ക്ഷേത്രത്തിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
‘പുലര്‍ച്ചെ 4.15ഓടെയാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീ പടര്‍ന്നത്. ഉടന്‍ തന്നെ അറിയിപ്പ് കിട്ടി. അഗ്നിശമന സേന അപ്പോള്‍തന്നെ സ്ഥലത്തെത്തുകയും ചെയ്തു. 4.40ഓടെയാണ് അഗ്‌നി നിയന്ത്രണവിധേയമാക്കിയത്. അതൊരു ചെറിയ തീപിടുത്തമായിരുന്നു’ അഗ്നിശമന സേന ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേര്‍ വഴിയില്‍ വച്ചു തന്നെ മരിച്ചു. മൂന്നാമത്തെയാളുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് സിയോണ്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ചികിത്സ നടക്കുന്നുണ്ടെങ്കിലും ഇയാളുടെ അവസ്ഥ വളരെ മോശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ചാര്‍കോപ് പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.