ചെന്നൈ: മാതൃദിനത്തില്‍ തന്റെ അമ്മയ്ക്കായി ക്ഷേത്രം തുറന്ന് തമിഴ്‌നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. മാതൃദിനമായ ഇന്നലെയാണ് അമ്മ കണ്‍മണിയുടെ സാന്നിധ്യത്തില്‍ ക്ഷേത്രം തുറന്ന് വിഗ്രഹം പ്രതിഷ്ഠിച്ചത്.
ലോറന്‍സിനെ സിനിമയില്‍ എത്തിച്ച സംഘട്ടന സംവിധായകന്‍ സൂപ്പര്‍ സുബ്ബരായനാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്.
ചെന്നൈ അമ്പത്തൂരില്‍ രാഘവേന്ദ്ര ക്ഷേത്രത്തിനു സമീപമായാണ് ക്ഷേത്രം.
ക്ഷേത്രം എല്ലാ അമ്മമാര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും, അമ്മയ്ക്കായി ക്ഷേത്രം യാഥാര്‍ത്ഥ്യമായത് ജീവിതത്തിലെ സൗഭാഗ്യമാണെന്നും രാഘവ ലോറന്‍സ് പറഞ്ഞു. ഭൂമിയിലെ യഥാര്‍ത്ഥ ദൈവം അമ്മയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ദേവീ വിഗ്രഹത്തിനു മുന്നില്‍ ശുഭവസ്ത്രധാരിയായി ധ്യാനിച്ചിരിക്കുന്ന അമ്മയുടെ വിഗ്രഹമാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. ക്ഷേത്രോദ്ഘാടന വേളയില്‍ നിര്‍ധനരായ 1000 വയോധികമാര്‍ക്ക് സാരി സമ്മാനിച്ചു.
നൃത്തരംഗങ്ങളിലൂടെ സിനിമയിലെത്തിയ അദേഹം മാസ്, മുനി, കാഞ്ചന, എന്നീ സിനിമകള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.