പൊലീസില്‍ 200 മത്സ്യതൊഴിലാളികള്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ പ്രളയക്കെടുതി നേരിട്ട സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിലുണ്ടായിരുന്നവരായിരുന്നു മത്സ്യത്തൊഴിലാളികള്‍. ഇവരില്‍ 200 പേര്‍ക്ക്‌ പൊലീസില്‍ താല്‍ക്കാലിക നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോസ്റ്റല്‍ വാര്‍ഡന്‍മാരുടെ തസ്തികയില്‍ ആയിരിക്കും താല്‍ക്കാലിക നിയമനം നടത്തുക. ഓഖി ദുരന്ത സമയത്ത് പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനമാണ്‌ നടപ്പിലാക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നത്. കേരളത്തിന്റെ സൈനികര്‍ എന്നായിരുന്നു മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നത്.

അതേസമയം പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിനോട് സ്‌പെഷ്യല്‍ പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്. ബാക്കിയുള്ള തുക നമ്മള്‍ തന്നെ കണ്ടെത്തണം. പ്രളയം ഉണ്ടായ ശേഷം സഹായം ആവശ്യപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും പ്രകടിപ്പിച്ചത് ഉള്ളില്‍ത്തട്ടിയുള്ള വികാരമാണ്. കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സഹായം അനുവദിക്കുമെന്ന് തന്നെയാണ് ഇപ്പോഴത്തെ പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ പ്രളയ ദുരിതം അനുഭവിക്കുന്ന ആളുകള്‍ക്ക് പ്രഖ്യാപിച്ചിരുന്ന അടിയന്തര സഹായമായ 10,000 രൂപ സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ട് വൈകുകയാണ് എന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നു. അടുത്ത ആഴ്ചയോടെ എല്ലാവര്‍ക്കും പണം കിട്ടുമെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് ഉറപ്പു നല്‍കുന്നത്. അതോടൊപ്പം സംസ്ഥാനത്ത് വലിയ ചെലവു ചുരുക്കല്‍ നയങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു.

Top