സംസ്ഥാനത്തെ പത്ത്, പ്ലസ് ടു ക്ലാസുകൾ നാളെ മുതൽ ഭാഗികമായി തുടങ്ങും

തിരുവനന്തപുരം : കേരളത്തിലെ സ്കൂളുകൾ നാളെ മുതൽ ഭാഗികമായി തുറക്കുന്നു. 3118 ഹൈസ്കൂളുകളിലും 2077 ഹയർ സെക്കൻഡറി സ്കൂളുകളിലുമായി 10, 12 ക്ലാസുകളിൽ പഠിക്കുന്ന 7 ലക്ഷത്തിലേറെ വിദ്യാർഥികൾക്കായാണിത്. ഹാജർ നിർബന്ധമാക്കിയിട്ടില്ല. സ്കൂളിലെത്തുന്ന കുട്ടികൾക്ക് രക്ഷാകർത്താക്കളുടെ സമ്മതപത്രം നിർബന്ധമാണ്.സ്കൂളുകളിൽ കോവിഡ് സെൽ രൂപീകരണമുൾപ്പെടെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ എ. ജീവൻ ബാബു പറഞ്ഞു. സ്കൂൾതല യോഗങ്ങളും നടന്നു.

മുഴുവൻ അധ്യാപകർക്കും കോവിഡ് പരിശോധന നടത്താനുള്ള കൊല്ലം ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം പരാതികളെത്തുടർന്ന് ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. ക്ലാസുകളിൽ പൊതുപരീക്ഷയ്ക്കു മുന്നോടിയായി ഡിജിറ്റൽ അധ്യയനം പൂർത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയനിവാരണം, റിവിഷൻ എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്.

Top