പാലക്കാട് ആനക്കര പഞ്ചായത്തിൽ തെരുവ് നായയുടെ കടിയേറ്റ് പത്ത് പേർ ആശുപത്രിയിൽ

പാലക്കാട്: പാലക്കാട് ആനക്കര പഞ്ചായത്തിൽ പത്ത് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പശുക്കൾക്ക് ഉൾപ്പടെ നിരവധി വളർത്ത് മൃഗങ്ങൾക്കും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. പഞ്ചായത്തിലെ മലമക്കാവ് , നെയ്യൂർ ഭാഗങ്ങളിൽ വിദ്യാർഥിനി ഉൾപ്പടെയുള്ള പത്ത് പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. പരിക്കേറ്റ മുഴുവൻ ആളുകളെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം ആലപ്പുഴ മാന്നാറിലും 7 പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിൽ തൊഴാനെത്തിയ ദേവീസദനത്തിൽ കുട്ടപ്പൻ പിള്ളക്കായിരുന്നു ആദ്യം തെരുവ് നായയുടെ ആക്രമണത്തിൽ കാലിനു മാരകമായ മുറിവേറ്റത്. കൈയ്യിലിരുന്ന കുട ഉപയോഗിച്ച് നായയെ ആട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും കാലിന്റെ ഇരുവശങ്ങളിലും കടിയേറ്റ് രക്തം വാർന്നൊഴുകുകയായിരുന്നു. കുരട്ടിക്കാട് എട്ടാം വാർഡിൽ തെള്ളികിഴക്കേതിൽ രാജഗോപാലിന്റെ മകൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അദ്വൈത് ആർ ഗോപാലിനും തെരുവ് നായയുടെ ആക്രമണത്തിൽ അന്ന് പരിക്കേറ്റിരുന്നു.രാവിലെ വീടിന് പുറത്തു നിന്ന് പല്ലു തേക്കുമ്പോൾ പുറകിലൂടെ എത്തിയ നായ അദ്വൈതിനെ ആക്രമിക്കുകയായിരുന്നു.

അദ്വൈതിനെ ആക്രമിച്ച ശേഷം റോഡിലേക്കിറങ്ങിയ നായ ഒരു സ്‌കൂട്ടർ യാത്രക്കാരന്റെ മേൽ ചാടിക്കയറിയെങ്കിലും അദ്ദേഹം പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതേ നായയുടെ ആക്രമണത്തിൽ കുരട്ടിക്കാട് മൂശാരിപ്പറമ്പിൽ രാധാകൃഷ്ണൻ എന്നായാൾക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റവരെല്ലാം മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

Top