Ten years ago no water in Bangaloor

ബംഗലൂരു: ജലദൗര്‍ലഭ്യം മൂലം പത്ത് വര്‍ഷത്തിനുള്ളില്‍ ബംഗലൂരു നഗരത്തില്‍ ആള്‍ത്താമസമില്ലാതാകുമെന്ന് റിപ്പോര്‍ട്ട്.

ഭൂഗര്‍ഭജലത്തിന്റെ ഉപയോഗം ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ 2025ഓടെ ബംഗലൂരു ആള്‍ത്താമസമില്ലാതെ പ്രേതനഗരമായി മാറും. കര്‍ണാടകയുടെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി ബാലസുബ്രഹ്മണ്യന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നഗരത്തിലെ പലയിടത്തും ആയിരം അടിയിലും ഏറെയാണ് കുഴല്‍ക്കിണറുകളുടെ താഴ്ച. ബെല്ലാണ്ടൂരില്‍ 60 അപ്പാര്‍ട്ട്‌മെന്റുകളുള്ള പ്രദേശത്ത് പത്ത് വര്‍ഷത്തിനുള്ളില്‍ ആറ് കുഴല്‍ക്കിണറുകളാണ് നിര്‍മ്മിച്ചത്. ഏറ്റവും പുതിയതായി നിര്‍മ്മിച്ച കുഴല്‍ക്കിണറിന് 1050 അടിയാണ് ആഴം.

waterസര്‍ജാപൂര്‍, ബെല്ലാണ്ടൂര്‍, ബാനെര്‍ഗട്ട, വൈറ്റ്ഫീല്‍ഡ്, യെലഹങ്ക, മറാത്താഹള്ളി തുടങ്ങിയ പ്രദേശങ്ങളെല്ലാം കുഴല്‍ക്കിണറിനെയാണ് ആശ്രയിക്കുന്നത്.

അമിതോപയോഗം മൂലം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇവ വറ്റി വരളും. പിന്നീട് പുതിയ കിണറുകള്‍ കുഴിക്കുകയോ സ്വകാര്യവിതരണക്കാരെ ആശ്രയിക്കുകയോ മാത്രമാണ് പോംവഴി.

നഗരത്തിലെ ജലദൗര്‍ലഭ്യം സമീപത്തുള്ള ഗ്രാമങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. 20 വര്‍ഷം മുമ്പ് 30 അടി കുഴിച്ചാല്‍ വെള്ളം സുലഭമായിരുന്ന ഗ്രാമങ്ങളില്‍ ഇപ്പോള്‍ 1000 അടിക്ക് താഴെയാണ് ഭൂഗര്‍ഭജലനിരപ്പ്.

കര്‍ണാടകയില്‍ കൃഷിസ്ഥലത്തിന്റെ അളവും വര്‍ഷം തോറും കുറയുകയാണ്. ജലസേചനത്തിന് ആവശ്യമായ വെള്ളം കിട്ടാത്തത് തന്നെ കാരണം.

Top