ഹൂസ്റ്റണ്‍: തിമോത്തിക്ക് പത്ത് വര്‍ഷം അജ്ഞാത സഹായം നല്‍കിയത് ബുഷ് സീനിയര്‍. അന്തരിച്ച മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയര്‍ ഫിലിപ്പീന്‍സിലെ ദരിദ്ര ബാലന് അജ്ഞാത സഹായം നല്‍കിയത് പത്ത് വര്‍ഷം. താന്‍ ആരെന്നു വെളിപ്പെടുത്താതെയായിരുന്നു ബുഷിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം.
തിമോത്തി എന്ന ഫിലിപ്പീന്‍സ് ബാലനെ കംപാഷന്‍ ഇന്റര്‍നാഷണല്‍ എന്ന ജീവകാരുണ്യ സംഘടന മുഖാന്തരം സ്‌പോണ്‍സര്‍ ചെയ്തിരിക്കുകയായിരുന്നു ബുഷ് സീനിയര്‍. ഏഴാം വയസു മുതലാണ് ബുഷ് കുട്ടിക്കായി ധനസഹായം നല്‍കി തുടങ്ങിയത്.
ബുഷ് തന്റെ പേര് വെളിപ്പെടുത്താതെ ബാലന് സ്ഥിരമായി കത്തുകള്‍ അയച്ചിരുന്നു. ‘ഞാന്‍ നിന്റെ പുതിയ തൂലികാ സുഹൃത്താണെന്നും വൃദ്ധനാണെന്നും ടെക്‌സസിലാണു ജീവിക്കുന്നതെന്നും’ ബുഷ് ആദ്യ കത്തില്‍ എഴുതി. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബുഷാണ് താനെന്ന് ഒരിക്കലും വെളിപ്പെടുത്തിയില്ല. തിമോത്തിക്ക് പതിനേഴു തികഞ്ഞപ്പോഴാണ് സ്‌പോണ്‍സര്‍ ആരാണെന്നു ജീവകാരുണ്യ സംഘടന വെളിപ്പെടുത്തിയതെന്നു സംഘടനയുടെ മുന്‍ പ്രസിഡന്റ് വെസ് സ്റ്റാഫോര്‍ഡ് സിഎന്‍എന്നിനോടു പറഞ്ഞു.