സുപ്രീം കോടതി ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതി നിഷേധിച്ച പത്തുവയസ്സുകാരി പ്രസവിച്ചു

newborn baby

ചണ്ഡീഗഢ്: ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതി സുപ്രീം കോടതി നിഷേധിച്ച പത്തുവയസ്സുകാരി കുഞ്ഞിന് ജന്മം നല്‍കി.

ചണ്ഡീഗഢിലെ സ്വകാര്യആശുപത്രിയില്‍ വച്ച് സിസേറിയനിലൂടെയാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്.

കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 2.2 കിലോ തൂക്കമുള്ള കുഞ്ഞിപ്പോള്‍ നവജാതശിശുക്കള്‍ക്കായുള്ള ഐ സി യുവിലാണ്.

അമ്മയുടെ സഹോദരന്റെ പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഗര്‍ഭച്ഛിദ്രത്തിനുള്ള അനുമതിക്കായി ആദ്യം കീഴ്‌ക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ജൂലായ് 28-നായിരുന്നു പെണ്‍കുട്ടിയുടെ ഹര്‍ജി സുപ്രീം കോടതി നിരാകരിച്ചത്.

പെണ്‍കുട്ടിയുടെ പ്രായവും ശാരീരിക അവസ്ഥയും പരിഗണിച്ചായിരുന്നു കോടതിയെ സമീപിച്ചത്. പെല്‍വിക് അസ്ഥികള്‍ ശരിയായ വിധത്തില്‍ വളര്‍ച്ച പ്രാപിക്കാത്തതു മൂലം കുഞ്ഞിനെ ഉദരത്തില്‍ ചുമക്കുന്നതും പ്രസവിക്കുന്നതും പെണ്‍കുട്ടിയുടെ ജീവനു തന്നെ ഭീഷണിയാണെന്ന് നേരത്തെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്ന കാര്യത്തെ കുറിച്ച് പെണ്‍കുട്ടി ബോധവതിയല്ലെന്നും, വയറിനുള്ളില്‍ ഒരു കല്ലുണ്ടെന്നും അത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയാണെന്നുമാണ് പെണ്‍കുട്ടിയോട് പറഞ്ഞത്. മാത്രമല്ല, കുഞ്ഞിനെ ദത്തുനല്‍കാന്‍ തയ്യാറാണെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്.

Top