ഇനി മമതയ്‌ക്കൊപ്പം ഡബിള്‍സ്; ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നടി നഫീസ അലിക്കു പിന്നാലെയാണ് ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

പാര്‍ട്ടി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ ഗോവയില്‍ വച്ചായിരുന്നു പേസിന്റെ പാര്‍ട്ടി പ്രവേശനം.

‘ലിയാണ്ടര്‍ പേസ് പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ വളരെയധികം സന്തോഷത്തിലാണ്. അവന്‍ എന്റെ ഇളയ സഹോദരനാണ്. സ്‌പോര്‍ട്‌സ്, യുവജനക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കാലം തൊട്ടേ പേസിനെ അറിയാം. അന്ന് അദ്ദേഹം വളരെ ചെറുപ്പമായിരുന്നു” എന്ന് മമത പറഞ്ഞു.

പശ്ചിമബംഗാളുകാരനായ പേസ് എട്ട് തവണ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാമും 10 തവണ മിക്സഡ് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടവും ചൂടിയിട്ടുണ്ട്. രാജീവ് ഗാന്ധി ഖേല്‍രത്ന, അര്‍ജ്ജുന, പത്മശ്രീ, പത്മഭൂഷന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Top