ടെന്നിസാണ് എനിക്ക് ഇപ്പോള്‍ പ്രധാനം; ആരാധകരുടെ സംശയത്തിന് മറുപടിയുമായി റാഫേല്‍ നഡാല്‍


നൊ
വാക് ജോക്കോവിച്ച് പിന്‍വാങ്ങിയതോടെ യു.എസ്. ഓപ്പണില്‍ കിരീട സാധ്യതയുള്ള താരമായി പ്രവചിക്കപ്പെടുന്നത് റാഫേല്‍ നഡാലിന്റെ പേരാണ്. യു.എസ്. ഓപ്പണിന്റെ ക്വാര്‍ട്ടര്‍ കടന്നുകഴിഞ്ഞ നദാലിനെ കാത്തിരിക്കുന്നത് ഈ സീസണിലെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണ്. പതിനെട്ട് ഗ്രാന്‍സ്ലാം ഉള്‍പ്പടെ ഇതുവരെ എണ്‍പത്തിമൂന്ന് കരിയര്‍ ടൈറ്റിലുകള്‍ സ്വന്തമാക്കിയ താരം കൂടിയാണ് നഡാല്‍.

കളിക്കളത്തേക്കാളുപരി സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് ആരാധകരില്‍ നിന്ന് താരത്തിന് ഏറ്റവുമധികം നേരിടേണ്ടി വന്നിട്ടുള്ളത്. മരിയ ഫ്രാന്‍സിസ്‌ക പെരെല്ലോ എന്ന സിസ്‌കയുമായി പതിനാലു വര്‍ഷത്തോളമായി നഡാല്‍ പ്രണയത്തിലാണ്. ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നും ജനുവരിയില്‍ വിവാഹ നിശ്ചയം കഴിഞ്ഞതായ വാര്‍ത്തകളും എത്തിയിരുന്നു.

റോര്‍ജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച്, ആന്‍ഡി മറെ എന്നിവര്‍ക്കെല്ലാം കുട്ടികളുണ്ട്. തനിക്ക് മൂന്നു കുട്ടികള്‍ വേണമെന്ന് നഡാല്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കാമുകിയുമായി ഒരുമിച്ച് താമസമാരംഭിച്ചിട്ടും കുട്ടികളില്ലാത്തതെന്താണെന്നാണ് ആരാധകര്‍ക്ക് സംശയം.

ഇതിനെല്ലാമുള്ള മറുപടിയുമായെത്തിയിരിക്കുകയാണ് നഡാലും സിസ്‌കയും. ‘ടെന്നിസാണ് എനിക്ക് ഇപ്പോള്‍ പ്രധാനം. അതിനുവേണ്ടി പൂര്‍ണമായി സമര്‍പ്പിച്ചിരിക്കുകയാണ് ഞാന്‍. ഇപ്പോള്‍ ആനന്ദം കണ്ടെത്തുന്നതും ടെന്നിസിലാണ്. ഞാന്‍ ഒറ്റയ്ക്കല്ല തീരുമാനങ്ങള്‍ എടുക്കുന്നത്. കുടുംബത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാവില്ല. അതൊന്നും പ്രവചിക്കുക എളുപ്പമല്ലല്ലോ. ഈ പ്രായമാകുമ്പൊഴേയ്ക്കും മുന്‍ കളിക്കാരനാവുകയും കുടുംബജീവിതം തുടങ്ങുകയും ചെയ്യുമെന്നാണ് ഞാന്‍ കരുതിയത്’ എന്നാണ് താരം വെളിപ്പെടുത്തിയത്.

Top