തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ആരോപണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പെഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന ടെനി ജോപ്പന്‍. സോളര്‍ വിവാദകാലത്ത് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എഡിജിപിയായിരുന്ന എ ഹേമചന്ദ്രനും ഒത്തുകളിച്ചാണ് തന്നെ അറസ്റ്റു ചെയ്തതെന്ന് ടെനി ജോപ്പന്‍. അറസ്റ്റിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് തിരുവഞ്ചൂര്‍ പറയുന്നത് പച്ചക്കള്ളമാണ്. ആഭ്യന്തരമന്ത്രി അറിയാതെ എഡിജിപി തന്നെ അറസ്റ്റു ചെയ്യില്ലെന്ന് ടെനി ജോപ്പന്‍ പറഞ്ഞു. അറസ്റ്റ് നടക്കുമ്പോള്‍ വിദേശത്തായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സംഭവത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ടെനി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്ക് അറസ്റ്റ് വിവരം ലഭിച്ചിരുന്നില്ലെന്ന് കെ.സി.ജോസഫ് എംഎല്‍എയും വ്യക്തമാക്കിയിട്ടുണ്ടെന്നും ടെനി ജോപ്പന്‍ പറഞ്ഞു. ജോപ്പന്റെ അറസ്റ്റോടെയാണ് സോളര്‍ കേസില്‍ ഉമ്മന് ചാണ്ടി സര്‍ക്കാര്‍ പ്രതിരോധത്തിലായത്. സോളര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്നു കാട്ടി സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
”സോളര്‍ ഇടപാടില്‍ എനിക്ക് പങ്കുണ്ടെന്ന വാര്‍ത്ത വരുന്നത് 2013 ജൂണിലാണ്. തുടര്‍ന്ന് ഞാന്‍ മുഖ്യമന്ത്രിയുടെ പേര്‍സണല്‍ സ്റ്റാഫില്‍നിന്നു രാജി വച്ചു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അവാര്‍ഡ് വാങ്ങാന്‍ ബഹ്‌റൈനിലേക്ക് പോയത് ജൂണ്‍ 27 നാണ്. എനിക്കും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഞാന്‍ രാജി വച്ചതിനാല്‍ യാത്ര ഒഴിവായി. മുഖ്യമന്ത്രി വിദേശത്തായിരിക്കെ കോട്ടയം ഡിവൈഎസ്പി എന്നെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി, തിരുവനന്തപുരത്തു നിന്നുള്ള ഡിവൈഎസ്പി, കോട്ടയം ഡിവൈഎസ്പി എന്നിവരാണ് ചോദ്യം ചെയ്തത്.
എന്റെ മൊഴി രേഖപ്പെടുത്തിയില്ല. ചോദ്യം ചെയ്ത ശേഷം മാറിയിരിക്കാന്‍ പറഞ്ഞു. വൈകിട്ടോടെ, എന്നെ അറസ്റ്റു ചെയ്‌തെന്ന് ഹേമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിനു പിന്നില്‍ തിരുവഞ്ചൂരാണെന്ന് എല്ലാവര്‍ക്കും അറിയാം. കെ.സി.ജോസഫ് പറഞ്ഞത്, മുഖ്യമന്ത്രിയുടെ അറിവോടെയല്ല ജോപ്പനെ അറസ്റ്റു ചെയ്തത് എന്നാണ്. എനിക്കും ഉറപ്പാണ്, അറസ്റ്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിഞ്ഞിരുന്നില്ല.
തിരുവഞ്ചൂരും ഹേമചന്ദ്രനും ഒത്തുകളിച്ചാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും ഓഫിസിലെ മറ്റു ചിലര്‍ക്കും ഇതില്‍ പങ്കുണ്ടായിരുന്നു. മന്ത്രിമാരുടെ സ്റ്റാഫില്‍ കയറിപ്പറ്റാനുള്ള ഒരു കോക്കസ് സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരാണ് ഇതിനു പിന്നില്‍. തെളിവില്ലാതെയാണ് എന്നെ അറസ്റ്റു ചെയ്തത്. സോളര്‍ തട്ടിപ്പുകേസിലെ പ്രതികള്‍ക്ക് മല്ലേലില്‍ ശ്രീധരന്‍ നായര്‍ പണം നല്‍കിയത് ഞാന്‍ പറഞ്ഞിട്ടാണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
വഞ്ചനക്കുറ്റമാണ് ചുമത്തിയത്. 65 ദിവസം ജയിലില്‍ കിടന്നു. ജാമ്യത്തിനു ശ്രമിക്കരുതെന്ന് അന്നത്തെ അഡ്വക്കറ്റ് ജനറല്‍ എന്റെ വക്കീലിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂര്‍ അറിയാതെ അറസ്റ്റു നടക്കില്ല. എന്നെ അറസ്റ്റു ചെയ്താല്‍ മുഖ്യമന്ത്രി വിദേശത്തുനിന്നു വരുമ്പോള്‍ രാജിവയ്‌ക്കേണ്ടിവരും. തിരുവഞ്ചൂരിന് മുഖ്യമന്ത്രിയാകാം” -ടെനി ജോപ്പന്‍ പറഞ്ഞു.