പിതൃ സ്മരണയില്‍ പതിനായിരങ്ങള്‍; ഇന്ന് കര്‍ക്കിടക വാവുബലി

കൊച്ചി: ഇന്ന് കര്‍ക്കിടക വാവുബലി. പിതൃക്കളുടെ സ്മരണയില്‍ സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിലും സ്നാന ഘട്ടങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി പതിനായിരങ്ങള്‍ ആണ് എത്തുന്നത്. പ്രധാന സ്നാന ഘട്ടങ്ങളിലുള്‍പ്പടെ ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു. ആലുവ മണപ്പുറത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പെരിയാറിന്റെ തീരത്ത് 80 ബലിത്തറകളാണ് ഇക്കുറി ഒരുക്കിയത്. ആലുവ മണപ്പുറത്ത് പുലര്‍ച്ചെ നാലുമണി മുതലാണ് പിതൃകര്‍മങ്ങള്‍ ആരംഭിച്ചത്. ബലിയിടുന്നതിനായി ഇന്നലെ സന്ധ്യമുതല്‍ തന്നെ ഭക്തര്‍ എത്തിത്തുടങ്ങിയിരുന്നു. മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് പിതൃനമസ്‌കാരവും പൂജകളും പുരോഗമിക്കുന്നത്.

പെരിയാറിലെ ജലനിരപ്പ് പതിവിലും താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 80 ബലിത്തറകളാണ് മണപ്പുറത്ത് ഒരുങ്ങിയിരിക്കുന്നത്. ആലുവ, തിരുവല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഹരിദ്വാറിലും ബലിതര്‍പ്പണത്തിനായി നിരവധി മലയാളികളെത്തുന്നുണ്ട്. കര്‍ക്കടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. മരിച്ച് പോയവര്‍ ബലി സ്വീകരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. കര്‍ക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് ബലി അര്‍പ്പിക്കുന്നത്. തലേന്ന് ഒരിക്കല്‍ എടുത്ത് ഇന്ന് ബലിതര്‍പ്പണം നടത്തും. ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നതാണ് ഒരിക്കല്‍ എന്നറിയപ്പെടുന്നത്. മത്സ്യം, മാംസം, മദ്യം, പഴകിയ ഭക്ഷണം എന്നിവ വ്രതം അനുഷ്ഠിക്കുന്ന സമയത്ത് കഴിക്കാന്‍ പാടില്ല. 48 മണിക്കൂറാണ് വ്രതം അനുഷ്ഠിക്കേണ്ടത്. തര്‍പ്പണം ചെയ്ത് തുടങ്ങിയാല്‍ തര്‍പ്പണം കഴിയുന്നത് വരെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പാടില്ല. വിളക്ക്, കിണ്ടിയിലെ വെള്ളം, എള്ള്, അരി, പുഷ്പം, കര്‍പ്പൂരം, ചന്ദനത്തിരി, വാഴയില, ദര്‍ഭപ്പുല്ല്, എന്നിവയാണ് ബലിയിടുന്നതിന് പൂജയ്ക്കായുള്ള സാധനങ്ങള്‍.

Top