ലക്ഷദ്വീപിലെ അഗത്തി ദ്വീപ് തീരത്ത് നിന്നും മത്സ്യത്തൊഴിലാളികളെ ഒഴിപ്പിച്ച് ടെന്റ് ടൂറിസം നടപ്പിലാക്കാനൊരുങ്ങുന്നു. നര്‍മ്മദയിലും, വാരണാസിയിലും, അയോധ്യയിലും ടെന്റ് സിറ്റികള്‍ സ്ഥാപിച്ചിട്ടുള്ള ഗുജറാത്ത് ആസ്ഥാനമായുള്ള പ്രവേഗ് ലിമിറ്റഡാണ് ലക്ഷദ്വീപിന്റെ കടല്‍ തീരത്തും ആഡംബര ടെന്റുകള്‍ സ്ഥാപിക്കുന്നത്. പ്രഫുല്‍ ഖോഡ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായിരിക്കുന്ന ദാദ്ര നാ?ഗര്‍ ഹവേലി, ദാമന്‍-ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവേ?ഗ് ലിമിറ്റഡിന് ടെന്റ് സിറ്റികള്‍ അനുവദിച്ചിട്ടുണ്ട്.അഗത്തി ദ്വീപിലെ പടിഞ്ഞാറെ ജെട്ടി മുതല്‍ വടക്കോട്ടുള്ള 5,000 ചതു. മീറ്റര്‍ (1.235527 ഏക്കര്‍) തീരഭൂമിയാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ മത്സ്യത്തൊഴിലാളികളില്‍ നിന്നും പിടിച്ചെടുക്കുന്നത്. ബോട്ടുകള്‍, ചെറുവള്ളങ്ങള്‍, ഷെഡുകള്‍, മീന്‍ ഉണക്കാനുള്ള ഉപകരണങ്ങള്‍, ബോട്ട് വലിക്കുന്ന അഴികള്‍ എന്നിവ ഉള്‍പ്പെടെ തീരത്തുള്ള ‘കയ്യേറ്റങ്ങള്‍’ എല്ലാം മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം റവന്യൂ വകുപ്പ് അവ നേരിട്ട് നീക്കം ചെയ്യുമെന്നും അതിനുള്ള ചെലവ് കയ്യേറ്റക്കാരില്‍ നിന്നും ഈടാക്കുമെന്നും ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും അഗത്തിയിലെ മത്സ്യത്തൊഴിലാളികളെ ഭീഷണിപ്പെടുത്തി അടിയന്തിര നോട്ടീസ് പുറപ്പെടുവിച്ചാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ പ്രവേഗ് ലിമിറ്റഡിന്റെ ടെന്റ് സിറ്റിയ്ക്ക് അഗത്തിയില്‍ നിലം ഒരുക്കിയത്.
പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ ശേഷം ദ്വീപിലെ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ജനദ്രോഹ നടപടികളുടെ തുടര്‍ച്ചയാണ് ലക്ഷദ്വീപ് ടൂറിസത്തിന്റെ പുരോഗതിക്കായുള്ള പ്രവേഗ് ലിമിറ്റഡിന്റെ ടെന്റ് സിറ്റിയും. ബോട്ടുകള്‍ കയറ്റിവെക്കാനും, മീനുകള്‍ ഉണക്കാനും, ഉപകരണങ്ങള്‍ സൂക്ഷിക്കാനും ഇടമില്ലാതായാല്‍ അഗത്തിയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം തന്നെ അവസാനിപ്പിക്കേണ്ടി വരും. അതോടുകൂടി അഗത്തി ദ്വീപുകാരുടെ ജീവനോപാധിയും ഇല്ലാതെയാവും. ഇങ്ങനെ ദ്വീപില്‍ നിന്നും ദ്വീപുകാരെ പുറത്താക്കി ലക്ഷദ്വീപിനെ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍.ലക്ഷദ്വീപിലെ അക്രീറ്റഡ് ലാന്റ് എല്ലാം സര്‍ക്കാര്‍ ഭൂമിയാണ് എന്നാണ് അഗത്തി ഡെപ്യൂട്ടി കളക്ടര്‍ പുറത്തുവിട്ട അടിയന്തിര നോട്ടീസില്‍ അവകാശപ്പെടുന്നത്. എന്നാല്‍ നൂറ്റാണ്ടുകളായി ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന തീരമേഖലയാണിത്. താഴ്ന്നതും ഉയര്‍ന്നതുമായ വേലിയേറ്റ രേഖകള്‍ക്കിടയിലെ തീരദേശ നിയന്ത്രണ മേഖലയുടെ പരിധിയില്‍ വരുന്നതാണിത്. 1991-ലെ CRZ വിജ്ഞാപനത്തിനു പകരമായി 2011 ല്‍ പുതുക്കിയ CRZ വിജ്ഞാപനം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവന സംരക്ഷണവും തീരദേശ പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ഉറപ്പാക്കുന്നതാണ്. അതോടൊപ്പം തന്നെ പുതിയ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതും വലിയ നിര്‍മ്മാണങ്ങള്‍ നടത്തുന്നതടക്കം വ്യാവസായിക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നു. എന്നാല്‍ CRZ പരിധിയിലുള്ള ഭൂമിയെ അക്രീറ്റഡ് ലാന്റ് ആയി കണക്കാക്കിയാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഭൂമി ഏറ്റെടുക്കുന്നതും മത്സ്യത്തൊഴിലാളികളെ പുറത്താക്കുന്നതും.
”കോവിഡിന് മുന്‍പ് ഇവിടെ ഒരു ബീച്ച് റോഡ് ഉണ്ടാക്കിയിരുന്നു. CRZ ലാന്റിലൂടെയാണ് ഈ ബീച്ച് റോഡ് ഉണ്ടാക്കിയിട്ടുള്ളത്. പരാമ്പരാഗതമായി ഞങ്ങള്‍ ബോട്ട് കേറ്റിവെക്കുന്ന, മീന്‍ പിടിക്കുന്ന സാധനങ്ങള്‍ സൂക്ഷിക്കുന്ന ഷെഡുകളുണ്ടായിരുന്ന സ്ഥലമാണിത്. റോഡ് വന്നു കഴിഞ്ഞാല്‍ ബോട്ടിന് അപകടം പറ്റുമ്പോള്‍ ക്രെയിനുപയോഗിച്ച് പെട്ടെന്ന് എടുക്കാന്‍ പറ്റും എന്നെല്ലാം പറഞ്ഞാണ് റോഡ് ഉണ്ടാക്കിയത്. പക്ഷേ റോഡ് ഉണ്ടാക്കി കഴിഞ്ഞ് നാല് വര്‍ഷം കഴിഞ്ഞിട്ടില്ല, ടൂറിസത്തിന് വേണ്ടി ഞങ്ങളോട് ഇവിടുന്ന് മാറി പോകാനാണ് ഇപ്പോള്‍ പറയുന്നത്. മീന്‍പിടുത്തം തന്നെ പൂര്‍ണ്ണമായി നിര്‍ത്തേണ്ടുന്ന അവസ്ഥയാണ്. ഇപ്പൊ, നേരത്തെ ഞങ്ങള്‍ക്ക് ഇവിടെ ഐസ് കിട്ടുന്നുണ്ടായിരുന്നു. ഐസ് ഫാക്ക്ടറി പൂട്ടിക്കളഞ്ഞു. മെഷിന്‍ കേടായിട്ട് ഇതുവരെ റിപ്പയര്‍ ചെയ്തിട്ടില്ല. ഞങ്ങള്‍ മീന്‍ പിടുത്തം വിടണം എന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.” മത്സ്യബന്ധനത്തിന് തടസ്സം സൃഷ്ടിക്കുന്ന നടപടികളിലൂടെ ലക്ഷദ്വീപിലെ മത്സ്യബന്ധനം അവസാനിപ്പിക്കുകയാണ് അഡ്മിന്‌സ്‌ട്രേഷന്റെ ലക്ഷ്യം എന്ന് വ്യക്തമാക്കുകയാണ് മത്സ്യോത്പന്ന മത്സ്യോപകരണ സഹകരണ സംഘം പ്രസിഡന്റ് അബ്ദുല്‍ നാസര്‍.15,000 രൂപ മുതല്‍ 20,000 രൂപ വരെ വാടക നിശ്ചയിച്ചുകൊണ്ട് പ്രവേഗ് ലിമിറ്റഡ് കവരത്തിയുടെ തീരത്ത് ആഢംബര ടെന്റുകള്‍ സ്ഥാപിച്ച് സഞ്ചാരികളില്‍ നിന്നും കോടികള്‍ക്കായി വലവീശുമ്പോള്‍ അഗത്തിയിലെ മത്സ്യത്തൊഴിലാളികള്‍ അകപ്പെടാന്‍ പോവുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മത്സ്യത്തൊഴിലാളികളുടെ ഉപജീവന സംരക്ഷണം ഉറപ്പു നല്‍കുന്ന CRZ വിജ്ഞാപനം അട്ടിമറിച്ചുകൊണ്ട് അഗത്തിയിലെ 70 ശതമാനം ദ്വീപ് നിവാസികളെയും പട്ടിണിയിലാക്കുകയാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍. ദ്വീപിലെ ജനജീവിതത്തെ എന്ന പോലെ തന്നെ പരിസ്ഥിതിലോല പ്രദേശമായ ലക്ഷദ്വീപിലെ ലഗൂണുകളെയും കടലിന്റെ ആവാസവ്യവസ്ഥയെയും തകര്‍ക്കുന്നതാവുമോ ദ്വീപുകളിലേക്കുള്ള സഞ്ചാരികളുടെ കുത്തൊഴുക്ക് എന്ന ആശങ്കയും ഉയരുന്നുണ്ട്. അഗത്തി ദ്വീപില്‍ മാത്രമല്ല തിണ്ണകര, ബംഗാരം എന്നീ ദ്വീപുകളിലും പ്രവേഗ് ലിമിറ്റഡിന് ടെന്റ് സിറ്റികള്‍ സ്ഥാപിക്കാന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കി കഴിഞ്ഞു.
ലക്ഷദ്വീപ് നിവാസികളുടെ ഉപജീവന സാധ്യതകള്‍ പരിമിതമാണ്. പ്രകൃതിവിഭവങ്ങളാണ് ജനങ്ങളുടെ പരമ്പരാഗത സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനം. തെങ്ങില്‍ നിന്നുള്ള ആദായത്തിലൂടെയാണ് മുന്‍കാലങ്ങളില്‍ ദ്വീപ് ജനത അതിജീവനം നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രധാനമായും ടൂണ മത്സ്യങ്ങളെ ആശ്രയിച്ചാണ്. അഗത്തി ദ്വീപില്‍ മാത്രം 150 ബോട്ടുകള്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നുണ്ട്.സീനിയര്‍ സെക്കണ്ടറി സ്‌കൂളിനും പോര്‍ട്ട് കണ്‍ട്രോള്‍ ടവറിനും ഇടയിലെ ലഗൂണുകളുടെ ഭാഗത്താണ് പതിവ് മത്സ്യബന്ധനത്തിനുള്ള അനുകൂല കാലാവസ്ഥയിലും മണ്‍സൂണ്‍ കാലത്തും ഈ ബോട്ടുകള്‍ നങ്കൂരമിടുന്നത്. അഗത്തിയുടെ കിഴക്കെ തീരത്താണെങ്കില്‍ ചെറുവള്ളങ്ങളും നങ്കൂരമിടുന്നുണ്ട്. അഗത്തിയിലെ 40% നിവാസികളും മത്സ്യബന്ധനത്തെ ആശ്രയിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ സഹകരണ സംഘമായ മല്‍സോള്‍പെന്ന മത്സ്യബന്ധന സഹകരണ സംഘം പ്രസിഡന്റ് അബ്ദുള്‍ നാസര്‍ ലക്ഷദ്വീപ് തീരദേശ പരിപാലന അതോറിറ്റിക്ക് അയച്ച കത്തില്‍ നിന്ന് അഗത്തി ദ്വീപ് നിവാസികളുടെ ജീവിതത്തിന്റെ ഒരു ചിത്രം ലഭിക്കും.