Data speeds 10 times faster than 5G achieved by terahertz transmitter

2020 ഓടുകൂടി 5ജിയേക്കാള്‍ പത്തിരട്ടി വേഗതത്തില്‍ ഡേറ്റ കൈമാറ്റം സാധ്യമാക്കുന്ന പുതിയ സാങ്കേതികവിദ്യ യാഥാര്‍ഥ്യമായേക്കും.

പുതിയ ടെറാഹര്‍ട്‌സ് ട്രാന്‍മിറ്റര്‍ ( terahetrz transmitter ) രൂപപ്പെടുത്താനുള്ള ഗവേഷണം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

അഞ്ചാംതലമുറ നെറ്റ് വര്‍ക്കിനേക്കാള്‍ പത്തിരട്ടി വേഗതയുള്ളതായിരിക്കും ഈ പുതിയ സാങ്കേതികവിദ്യ. ഒരു ഡിവിഡിയിലുള്ള മുഴുവന്‍ ഡേറ്റയും സെക്കന്‍ഡിന്റെ ഒരംശം സമയംകൊണ്ട് കൈമാറ്റം ചെയ്യാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും.

വരുംകാലത്തെ മാറ്റിമറിക്കാന്‍ പോകുന്ന അതിവേഗ വയര്‍ലെസ്സ് സാങ്കേതികത ഇതായിരിക്കുമെന്ന് കരുതപ്പെടുന്നു.

കാലിഫോര്‍ണിയയില്‍ നടന്ന ഇന്റര്‍നാഷണല്‍ സോളിഡ് സ്റ്റേറ്റ് സര്‍ക്യൂട്ട്‌സ് കോണ്‍ഫറന്‍സ് 2017 ലാണ് ഈ സാങ്കേതികവിദ്യ അവതരിപ്പിക്കപ്പെട്ടത്.

സെക്കന്‍ഡില്‍ 105 ജിഗാബൈറ്റ്‌സ് വേഗം നല്‍കുന്ന ഒരു ട്രാന്‍മിറ്റര്‍ ഗവേഷകര്‍ വികസിപ്പിച്ചു കഴിഞ്ഞു. ജപ്പാനിലെ ഹിരോഷിമ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നില്‍.

ഉപഗ്രഹങ്ങളിലേയ്ക്കടക്കം അതിവേഗ ഡേറ്റ കൈമാറ്റം ഇതിലൂടെ സാധിക്കും. മൊബൈല്‍ അടക്കമുള്ള ഉപകരണങ്ങളില്‍ അതിവേഗ ഡൗണ്‍ലോഡിങ്ങ് സാധിക്കുമെന്ന് ഗവേഷകരിലൊരാളായ ഹിരോഷിമ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ മിനോരു ഫുജിഷിമ അറിയിച്ചു.

Top