ന്യൂഡല്‍ഹി: ലൈംഗികാരോപണ വിധേയനായ ആര്‍ കെ പച്ചൗരിയെ ദ എനര്‍ജി ആന്റ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിങ് കൗണ്‍സിലില്‍ നിന്നും സംഘടനയില്‍ നിന്നും പുറത്താക്കി.
ടെറിയുടെ പുതിയ ചെയര്‍മാന്‍ അശോക് ചൗളയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഗവേണിങ് കൗണ്‍സിലാണ് തീരുമാനം കൈക്കൊണ്ടത്.
പച്ചൗരിയുടെ ഗവേണിങ് കൗണ്‍സിലിലെ അംഗത്വം പുതുക്കേണ്ടതില്ലെന്നും അദ്ദേഹവുമായുള്ള സംഘടനയുടെ എല്ലാ ബന്ധങ്ങളും എത്രയും വേഗം അവസാനിപ്പിക്കാനും യോഗം തീരുമാനിച്ചു.
കഴിഞ്ഞ 25 വര്‍ഷമായി ഗവേണിങ് കൗണ്‍സില്‍ അംഗമായ പച്ചൗരിയുടെ മെമ്പര്‍ഷിപ്പ് കാലാവധി ഈ വര്‍ഷം മാര്‍ച്ച് 31-ന് അവസാനിച്ചിരുന്നു. 2017 ജൂലൈയിലാണ് തെരിയും പച്ചൗരിയും തമ്മിലുള്ള കരാര്‍ അവസാനിക്കുന്നത്.
ഇത് പരിഗണിച്ച് അദ്ദേഹത്തിന് മുഴുവന്‍ തുകയും നല്‍കി പറഞ്ഞുവിടാനാണ് കൗണ്‍സില്‍ നിലപാട്. കഴിഞ്ഞ എട്ട് മാസങ്ങളായി പച്ചൗരിയുമായി ബന്ധപ്പെട്ട ലൈംഗികാരോപണ വിവാദങ്ങള്‍ കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് കൗണ്‍സില്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയിരിക്കുന്നതെന്നാണ് അംഗങ്ങള്‍ പറയുന്നത്.
വിദേശത്തായതിനാല്‍ പച്ചൗരിക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. മാര്‍ച്ച് 31-ന് അഗത്വകാലാവധി അവസാനിച്ചതിനാല്‍ അദ്ദേഹത്തെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നുമില്ല.
കൗണ്‍സില്‍ യോഗതീരുമാനങ്ങള്‍ പച്ചൗരിയെ ഉടന്‍ അറിയിക്കുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. പച്ചൗരിയെ പുറത്താക്കുന്നതോടെ കഴിഞ്ഞ നവംബറില്‍ അദ്ദേഹത്തിനായി സൃഷ്ടിച്ച എക്സിക്യൂട്ടീവ് വൈസ്ചെയര്‍മാന്‍ എന്ന സ്ഥാനവും ഇല്ലാതാകും.
സഹപ്രവര്‍ത്തകയുടെ ലൈംഗികാരോപണ പരാതിയില്‍ 2015 ഫെബ്രുവരി 18 നാണ് പച്ചൗരിയ്ക്കെതിരെ ന്യൂഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തുടര്‍ന്ന് ജൂലൈയില്‍ അദ്ദേഹത്തെ തേരി ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്നും പുറത്താക്കി. കേസില്‍ ദില്ലി പൊലീസ് കഴിഞ്ഞമാസം 1500 പേജുള്ള ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചിരുന്നു.