ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന് മൂന്ന് ദിവസം മുമ്പേ സൈന്യത്തിന് ഇതുസംബന്ധിച്ച രഹസ്യവിവരം ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എട്ട് ലഷ്‌കര്‍ ഭീകരര്‍ അതിര്‍ത്തി കടന്നിട്ടുണ്ടെന്നും അവര്‍ ആക്രമണം നടത്താനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ സപ്തംബര്‍ 15 ന് സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വിവിധ ഭീകര സംഘടനകളില്‍പ്പെട്ട ഭീകരര്‍ ഉറി മേഖലയ്ക്ക് സമീപമുള്ള മലനിരകളില്‍ നിന്ന് ആഗസ്ത് 28 മുതല്‍ ഇന്ത്യന്‍ സൈനിക നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നുവെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സൈനിക ക്യാമ്പിന് ഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് സപ്തംബര്‍ 15 ന് നല്‍കിയത്. ഇതേപ്പറ്റി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഉറിയില്‍ സുരക്ഷാ വിഴ്ച ഉണ്ടായിട്ടുണ്ടെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ വാക്കുകള്‍ ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്. കശ്മീര്‍ താഴ്‌വരയില്‍ നടക്കുന്ന സംഭവ വികാസങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് സൈന്യത്തിന് സംഭവിച്ച പിഴവെന്നാണ് വിലയിരുത്തല്‍. അതേസമയം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അവസാനിക്കുന്നതിന് പിന്നാലെ ഇന്ത്യയിലേക്ക് നൂറുകണക്കിന് ഭീകരരെ കടത്തിവിടാനുള്ള ശ്രമം പാകിസതാന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കാമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
നിയന്ത്രണ രേഖയില്‍ മാത്രമല്ല അന്താരാഷ്ട്ര അതിര്‍ത്തിയായ പൂഞ്ച്, രജൗറി, ജമ്മു മേഖലകളില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍കൂടിയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ തക്കംപാര്‍ത്തിരിക്കുന്നതെന്നും ഇവര്‍ 200-300 പേര്‍ വരുമെന്നും അതിര്‍ത്തി കടന്ന എട്ട് ലഷ്‌കര്‍ ഭീകരരില്‍ നാല് പേര്‍ സംസ്ഥാനത്ത് ഒളിച്ച് കഴിയുന്നുണ്ടെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.