ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനു മുന്നിലെ സുരക്ഷാ കവാടത്തിനു നേര്‍ക്ക് കാര്‍ പാഞ്ഞുകയറി. സംഭവം ഭീകരാക്രമണമെന്ന് സൂചന. അമിത വേഗത്തില്‍ എത്തിയ കാറിടിച്ച് രണ്ട് വഴിയാത്രക്കാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഒരു ഡ്രൈവര്‍ അറസ്റ്റിലാകുകയും ഇയാള്‍ക്ക് ഭീകര ബന്ധമുണ്ടെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
പാര്‍ലമെന്റിനു പുറത്തുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഇടിച്ച് തെറിപ്പിച്ചാണ് സുരക്ഷാ കവാടത്തിനു നേര്‍ക്ക് കാര്‍ അതിവേഗം പാഞ്ഞു കയറിയത്. സുരക്ഷാ സൈനികര്‍ ഉടന്‍ തന്നെ കാര്‍ വലയം ചെയ്ത് കാര്‍ ഡ്രൈവറെ പിടികൂടുകയായിരുന്നു. ഇയാളെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണ്. എന്നാല്‍ പൊലിസ് അന്വേഷണത്തിനിടയില്‍ ഇയാള്‍ക്കെതിരെ ഭീകരത കുറ്റം ചുമത്തിയതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പരിക്കേറ്റവരുടെ സ്ഥിതി ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ ട്യൂബ് സ്‌റ്റേഷന്‍ അടക്കുകയും പാര്‍ലമെന്റ് സ്‌ക്വയര്‍, വിക്‌ടോറിയ ടവര്‍ ഗാര്‍ഡന്‍സ് എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. നഗരത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ള നിറത്തിലുള്ള കാറാണ് ഇടിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.