ന്യൂഡല്‍ഹി: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഭീകരരുടെ സാന്നിധ്യം കൂടുതല്‍ ശക്തമാകുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
ഭീകരരുടെ നാല്‍പ്പത്തഞ്ചോളം ലോഞ്ച്പാഡുകള്‍ നിയന്ത്രണരേഖയ്ക്കു സമീപം പ്രവര്‍ത്തനം ആരംഭിച്ചതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.
നിയന്ത്രണരേഖ കടന്ന് ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ മിന്നലാക്രമണം രണ്ടു മാസം പിന്നിടുമ്പോഴാണ് ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച പുതിയ വിവരം.
സെപ്തംബര്‍ 29ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്നു ഭീകരരുടെ ലോഞ്ച്പാഡുകള്‍ ഉള്ളിലേക്കു മാറ്റിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞതോടെ നിയന്ത്രണരേഖയ്ക്കു അഞ്ച്, ആറ് കിലോമീറ്ററുകള്‍ക്കടുത്തേക്ക് ലോഞ്ച്പാഡുകള്‍ മാറ്റി സ്ഥാപിച്ചതായാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
ഇത്തവണ പാക്ക് സൈന്യത്തിന്റെ കനത്ത സുരക്ഷയിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ കൂടുതല്‍ ആക്രമണങ്ങള്‍ ഭയന്നാണു ലോഞ്ച്പാഡുകള്‍ മാറ്റാന്‍ പാക്കിസ്ഥാന്‍ തയാറായത്.
കൂടുതല്‍ നുഴഞ്ഞുകയറ്റമടക്കമുള്ളവയ്ക്കു സാധ്യത മുന്നില്‍ കണ്ട് ഇന്ത്യന്‍ സൈന്യം ശക്തമായ നിരീക്ഷണം ഇന്ത്യ നടത്തി വരുന്നുണ്ട്.ലോഞ്ച്പാഡുകള്‍ വീണ്ടും സജീവമായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.