ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ബുധനാഴ്ച നടക്കാനിരിക്കെ യുപിയില്‍ ഭീകാരാക്രമണം.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരാണ് ആക്രമണത്തിലേര്‍പ്പെടുന്നതായി സംശയിക്കുന്നതായാണ് പൊലീസു പറയുന്നത്. കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നത് സെയ്ഫുള്ള എന്ന ഭീകരനാണെന്നാണ് ലഭിക്കുന്ന വിവരം. ഭോപ്പാല്‍-ഉജ്ഝയിന്‍ പാസഞ്ചര്‍ ട്രെയിനില്‍ സ്‌ഫോടനം നടത്തിയെന്ന് സംശയിക്കപ്പെടുന്ന ഭീകരനാണ് വെടിവച്ചതെന്നാണ് സൂചന.
ഒരു ഭീകരനാണ് ആക്രമണം നടത്തുന്നതെന്നാണ് ആദ്യം കരുതിയതെങ്കിലും ഇപ്പോള്‍ കുറഞ്ഞത് രണ്ടു പേരുണ്ടെന്നാണ് നിഗമനം. ഭീകരവിരുദ്ധ സേനയുമായി ഒളിച്ചിരുന്ന വീട്ടിലിരുന്ന് ഭീകരര്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
സംസ്ഥാനത്തേക്ക് ഭീകരര്‍ കടന്നിട്ടുണ്ടെന്ന കേന്ദ്ര രഹസ്യാനേഷണ വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ കാണ്‍പൂരില്‍ നിന്നും ഒരാളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.കൂടെയുള്ളവര്‍ക്ക് വേണ്ടി നടത്തിയ തിരച്ചിലിലാണ് താക്കൂര്‍ ഗഞ്ചിലെ ഒരു വീട്ടിനുള്ളില്‍ ഭീകരരെ കണ്ടെത്തിയത്.
ഇവര്‍ പൊലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കീഴടങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറല്ലന്നും രക്തസാക്ഷിത്വമാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു മറുപടി.
ഇവരുടെ കൈവശം വന്‍ ആയുധ ശേഖരം ഉള്ളതായി സംശയിക്കുന്നുണ്ട്. ‘ചില്ലി ബോംബ്’ പ്രയോഗിക്കുകയും പുക കടത്തിവിടുകയും ചെയ്തെങ്കിലും അവരെ പിടികൂടാനായിട്ടില്ല. സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വിലയിരുത്തുന്നുണ്ട്. സമീപ പ്രദേശത്തുള്ള വീടുകളില്‍നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അപ്രതീക്ഷിതമായ ഭികര സാന്നിധ്യവും വെടിവയ്പ്പും രാഷ്ടീയ പാര്‍ട്ടികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഉന്നത പൊലീസുദ്യോഗസ്ഥരും സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.