terrorism – india – pakistan – report

അഹമ്മദാബാദ്: പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയ 10 ഭീകരരില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് രഹസ്യാന്വേഷണ വിഭാഗവും ഗുജറാത്ത് പോലീസും തള്ളി. 10 ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതായി മാര്‍ച്ച് അഞ്ചിന് പാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ജന്‍ജുവ ആണ് ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ അറിയിച്ചത്.

കച്ച് വഴി ഗുജറാത്തിലേക്കും അവിടെനിന്ന് ഡല്‍ഹിയിലേക്കും ഭീകരര്‍ നുഴഞ്ഞു കയറി എന്നായിരുന്നു റിപ്പോര്‍ട്ട്. ഗുജറാത്ത് തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോട്ട് കണ്‌ടെത്തിയതിനു പിന്നാലെയാണ് ജുന്‍ജുവ മുന്നറിയിപ്പ് നല്‍കിയത്.

നുഴഞ്ഞു കയറിയ ഭീകരരില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടെന്ന് ചൊവ്വാഴ്ചയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പിന്നീട് ഏറ്റുമുട്ടലുകളില്‍ ശേഷിച്ച ഏഴ് ഭീകരരും കൊല്ലപ്പെട്ടതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് രഹസ്യാന്വേഷണ സംഘവും ഗുജറാത്ത് പോലീസും തള്ളിയിരിക്കുന്നത്.

ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്ഷ് ഇ മുഹമ്മദ് എന്ന് ഭീകര സംഘടനകളിലെ അംഗങ്ങളാണ് നുഴഞ്ഞു കയറിയത്. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം അടക്കം ആക്രമിക്കാനാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top