തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്തിന് പിന്നില്‍ തീവ്രവര്‍ഗീയസംഘടനകളെന്ന റിപ്പോര്‍ട്ടുമായി സംസ്ഥാനപൊലീസ്. സ്വര്‍ണക്കടത്തിന് പിന്നില്‍ സ്ത്രീകളും ഉണ്ടെന്നും, ക്യാരിയര്‍മാരായി സ്ത്രീകളെയും കുട്ടികളെയും റിക്രൂട്ട് ചെയ്യുന്നതിന് പിന്നില്‍ പുത്തന്‍കുരിശ് സ്വദേശിയായ സ്ത്രീയാണെന്നും സംസ്ഥാനപൊലീസ് എന്‍ഐഎയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
ക്യാരിയര്‍മാരെ തീരുമാനിക്കുന്ന വടകര സ്വദേശിയായ ഏജന്റിന് ഒരു തീവ്ര ഇടത് സംഘടനയുമായും ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സംസ്ഥാനപൊലീസ് കള്ളക്കടത്തുകാരെക്കുറിച്ച് കണ്ടെത്തിയ വിവരങ്ങളെല്ലാം ക്രോഡീകരിച്ച് നടത്തിയ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്.
തീവ്രവാദപ്രവര്‍ത്തനത്തിനാണ് കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം ഉപയോഗിക്കുന്നതെന്ന എന്‍ഐഎയുടെ നിഗമനത്തെ ശരിവയ്ക്കുന്നതാണ് സംസ്ഥാനപൊലീസിന്റെ റിപ്പോര്‍ട്ടും. സ്വര്‍ണക്കടത്ത് പ്രധാനമായും കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം കോഴിക്കോട്ടെ കൊടുവള്ളി കേന്ദ്രീകരിച്ച് നടന്നത് ഏതാണ്ട് 100 കിലോ സ്വര്‍ണക്കടത്താണ് നടന്നതെന്നാണ് പൊലീസ് നിഗമനം. ഏതാണ്ട് 1000 കോടി രൂപയുടെ ഹവാല ഇടപാടും നടന്നു.
ഈ സ്വര്‍ണവും പണവും കൃത്യമായി കൈമാറപ്പെടുന്നതും, എവിടെ നിന്ന്, എങ്ങോട്ട് കൊണ്ടുപോകണം എന്നതെല്ലാം കൃത്യമായി ആലോചിച്ചുറപ്പിയ്ക്കുന്ന കേന്ദ്രം കൊടുവള്ളിയാണ്. ക്യാരിയര്‍മാരായി സ്ത്രീകളെയും കുട്ടികളെയും വരെ ഉപയോഗിക്കുന്നു എന്നതാണ് ഈ റിപ്പോര്‍ട്ടിലെ ഏറ്റവും ഞെട്ടിക്കുന്ന ഉള്ളടക്കം. ഇങ്ങനെ സ്ത്രീകളെയും കുട്ടികളെയും ക്യാരിയര്‍മാരായി റിക്രൂട്ട് ചെയ്യുന്നവരുടെ പേരുവിവരങ്ങളടക്കം സംസ്ഥാനപൊലീസ് എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ട്.