ദമാസ്‌കസ്: ഭീകരവാദത്തിനെതിരായ യുദ്ധം ഏകദേശം പൂര്‍ണമായതായി സിറിയ. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയിലാണ് സിറിയന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ വാലിദ് അല്‍ മുഅല്ലം സിറിയന്‍ യുദ്ധം ഏറെക്കുറെ അവസാനിച്ചതായി പ്രഖ്യാപിച്ചത്.
ഭീകരവാദത്തിനെതിരായ യുദ്ധം ഏറെക്കുറെ അവസാനിച്ചിരിക്കുന്നു, ഏഴ് വര്‍ഷത്തെ ആഭ്യന്തര യുദ്ധം മൂലം സിറിയയില്‍ നിന്ന് പലായനം ചെയ്ത 50 ലക്ഷത്തിലധികം ജനങ്ങള്‍ക്ക് തിരികെ വരാമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
സിറിയയിലെ അന്താരാഷ്ട്ര ഇടപെടലുകളേയും യു.എസ് സഖ്യത്തേയും അദ്ദേഹം വിമര്‍ശിച്ചു. ഇദ്‌ലിബ് പ്രവിശ്യ മാത്രമാണ് ഇപ്പോള്‍ വിമത നിയന്ത്രണത്തിലുള്ളത്. എങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും സിറിയന്‍ ജനതയുടെ സഹനശക്തിക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിലുട നീളം പരമാധികാരത്തിനുള്ള സിറിയയുടെ അവകാശത്തെ കുറിച്ച് പരാമര്‍ശിച്ച മുഅല്ലം അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയെ വളരെ രൂക്ഷമായാണ് വിമര്‍ശിച്ചത്.
നിയമവിരുദ്ധമായ സഖ്യവും രാജ്യത്തിനകത്തും പുറത്തുമുള്ള വിമതരും എല്ലാം ചേര്‍ന്നാണ് റഖാ നഗരത്തെ തകര്‍ത്തത്. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരെ കൊന്നൊടുക്കിയെന്നും, ആധിപത്യം സ്ഥാപിക്കാനും കോളനിവല്‍ക്കരണത്തിനും ശ്രമം നടത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു. 17 തവണ രാസായുധം പ്രയോഗിച്ചുവെന്ന യു.എന്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ അദ്ദേഹം തള്ളിക്കളഞ്ഞു.