ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. മേഖലയില്‍ അഞ്ച് തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
രഹസ്യ വിവരത്തെത്തുടര്‍ന്നാണ് കുല്‍ഗാമില്‍ സേന തെരച്ചില്‍ നടത്തിയത്. അതിനിടെ തീവ്രവാദികള്‍ കടന്നാക്രമിക്കുകയായിരുന്നു. സുരക്ഷാ സേന അതിശക്തമായി തിരിച്ചടിച്ചു.
സുരക്ഷാ കാരണങ്ങളാല്‍ ബാരാമുള്ളക്കും ഖാസിഗുണ്ടിനുമിടയില്‍ തീവണ്ടി ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കഴിഞ്ഞ ദിവസം ബാരാമുള്ള ജില്ലയിലെ സോപോറില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. സംഭവത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ സോപോറിലെ അരാംപോറയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്തെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് വെടിവയ്പുണ്ടായത്.
ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ബാരാമുള്ളയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കശ്മീരില്‍ ഭീകരരും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടല്‍ നിത്യ സംഭവമായിരിക്കുകയാണ്. അതീല ജാഗ്രതാ നിര്‍ദ്ദേശമാണ് പ്രദേശത്ത് നിലനില്‍ക്കുന്നത്.