പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ തീവ്രവാദ ആക്രമണം; തിരിച്ച് വെടിയുതിർത്ത് സൈനികർ

ശ്രീനഗർ : ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനികരുടെ വാഹനങ്ങൾ തീവ്രവാദികൾ ആക്രമിച്ചു. സൈനികർ തിരിച്ചു വെടിയുതിർത്തു. വെടിവയ്പ്പ് തുടരുകയാണ്. ഇന്നു വൈകിട്ടാണു സംഭവം. പ്രദേശത്തുനിന്നും ഇതുവരെ മരണങ്ങളോ പരുക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപത്തുള്ള ഒരു കുന്നിൻപുറത്തുനിന്നും തീവ്രവാദികൾ രണ്ടു റൗണ്ട് വെടിയുതിർത്തെന്നാണു വിവരം.

കഴിഞ്ഞ കുറച്ച് ആഴ്ച്ചകൾക്കിടെ പ്രദേശത്തു സൈനികർക്കു നേരെയുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്. ഡിസംബർ 22നുണ്ടായ ആക്രമണത്തിൽ നാല് സൈനികർ വീരമ്യതു വരിച്ചിരുന്നു. പിർ പഞ്ചൽ മേഖല, രജൗറി, പൂഞ്ച് എന്നിവിടങ്ങള്‍ 2003 മുതൽ തീവ്രവാദമുക്ത മേഖലയായി മാറിയിരുന്നു. എന്നാൽ 2021 മുതൽ ഇവിടെ തീവ്രവാദി ആക്രമണങ്ങൾ പുനരാരംഭിച്ചു. കഴിഞ്ഞ ഏഴ് മാസത്തിനിടെ 20 സൈനികർ ഇവിടെ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 35ൽ അധികം സൈനികരാണു കൊല്ലപ്പെട്ടത്.

Top