മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ അൽ ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികൾ ഹോട്ടലിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 20 മണിക്കൂർ നടത്തിയ ഓപ്പറേഷന് ശേഷം ബന്ദികളെ മോചിപ്പിച്ചതായി സൂചനയുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ഹയാത്ത് ഹോട്ടലിലേക്ക് കടന്ന അക്രമികൾ രണ്ട് കാർ ബോംബുകളുമായി എത്തി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം സൊമാലിയയിലെ അൽ ഷബാബ് വിമതർ ഏറ്റെടുത്തു. 12 പേർ മരിച്ചതായും കൊല്ലപ്പെട്ടവർ സാധാരണക്കാരണെന്നും ഇന്റലിജൻസ് ഓഫീസർ മുഹമ്മദ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ആയുധധാരികളായ ഭീകരവാദികൾ ഹോട്ടലിന്റെ രണ്ടാം നിലയിൽ നിരവധി പേരെ ബന്ദികളാക്കി. സുരക്ഷാസേനയെ തടയാൻ ബോംബെറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളിൽ നിന്ന് ഹോട്ടലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ സർക്കാർ സേന ശ്രമിക്കുന്നതിനിടെ രാത്രിയിൽ സ്‌ഫോടനമുണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഹോട്ടലിന്റെ വലിയ ഭാഗങ്ങൾ പോരാട്ടത്തിൽ തകർന്നു. മേയിൽ പ്രസിഡന്റ് ഹസൻ ഷെയ്ഖ് മുഹമ്മദ് അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ വലിയ ആക്രമണമായിരുന്നു വെള്ളിയാഴ്ച്ച നടന്നത്. 10 വർഷത്തിലേറെയായി സോമാലിയൻ സർക്കാരിനെ താഴെയിറക്കാൻ അൽ ഷബാബ് ശ്രമിക്കുകയാണ്.