പുല്‍വാമ ഭീകരാക്രമണം; 72 മണിക്കൂര്‍ ദുഃഖാചരണമെങ്കിലും നടത്തണമെന്ന് മമത

കൊല്‍ക്കത്ത: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഉത്തരം പറയണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആക്രമണം രഹസ്യാന്വേഷണ വീഴ്ചയാണെന്നും മമത വ്യക്തമാക്കി.

സര്‍ക്കാര്‍ എന്ത് കൊണ്ടാണ് രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിക്കാത്തതെന്നും, രാഷ്ട്രീയ നേതാക്കള്‍ മരിച്ചാലോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാലോ ദുഃഖമാചരിക്കില്ലേയെന്നും അവര്‍ ചോദിച്ചു. ദേശീയ ബഹുമതിയുടെ ഭാഗമായി കുറഞ്ഞപക്ഷം ജീവത്യാഗം ചെയ്ത സൈനികര്‍ക്കായി 72 മണിക്കൂര്‍ ദുഃഖാചരണം നടത്തണമെന്നും, സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും മുന്‍നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെക്കണമെന്നും മമത ആവശ്യപ്പെട്ടു. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഒരു പദ്ധതി ഉദ്ഘാടനം ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നുവെന്നും മമത പറഞ്ഞു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ജോലി എന്താണെന്നും മമത ചോദ്യം ചെയ്തു. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് അറിയാനുള്ള താത്പര്യം ഞങ്ങള്‍ക്കുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്തെടുക്കുകയാണ്. എങ്ങനെ ഇത്രയധികം ജവാന്‍മാര്‍ കൊല്ലപ്പെടാനിടയായി. ഭീകരവാദികള്‍ വരുന്നത് സംബന്ധിച്ച് ഒരു വിവരവും എങ്ങനെ ലഭിക്കാതെ പോയി. തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്റേത് മാത്രമല്ല. ജനങ്ങളുടേതാണ് ചോദ്യമെന്നും അവര്‍ പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ ഇതൊരു രഹസ്യാന്വേഷണ പരാജയമാണ്. എന്തുക്കൊണ്ട് ഇത്രയധികം വാഹനങ്ങള്‍ ഒരുമിച്ച് സഞ്ചരിച്ചുവെന്നും മമത ചോദിച്ചു. സൈനികര്‍ക്കെതിരെ ആക്രമണം നടത്തിയ ഭീകരവാദികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണം. പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിന് സൂക്ഷമമായ അന്വേഷണം വേണം. മറ്റു സൈനികര്‍ക്ക് ആത്മവീര്യം നല്‍കുന്നതിന് ശക്തമായ നടപടിയെടുത്തേ തീരൂവെന്നും അവര്‍ ആവശ്യപ്പെട്ടു.

വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3.30 ഓടെ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 44 സി ആര്‍ പി എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക്‌ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി ആര്‍ പി എഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ആദില്‍ അഹമ്മദ് ദര്‍ എന്ന ഭീകരവാദി ഇടിച്ചുകയറ്റുകയായിരുന്നു.

Top