ബംഗലുരു: കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ലഭിച്ച ഭീകരാക്രമണ ഭീഷണി സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ച് ബംഗലൂരു പൊലീസ്. സന്ദേശം പൊലീസിന് കൈമാറിയ ബംഗലൂരു റൂറല്‍ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് സിറ്റി പൊലീസിനെ വിളിച്ച് കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം നല്‍കിയത്. ഫോണ്‍ നമ്പര്‍ പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാമി സുന്ദരമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
സൈന്യത്തില്‍ നിന്ന് വിരമിച്ച സുന്ദരമൂര്‍ത്തി ഇപ്പോള്‍ ആവലഹള്ളിയില്‍ ലോറി ഡ്രൈവറാണ്. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടെന്നും അത് വിളിച്ച് അറിയിക്കുകയാണ് ചെയ്തതെന്നുമാണ് സുന്ദരമൂര്‍ത്തി പൊലീസിനോട് പറഞ്ഞത്.
കേരളം അടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം കിട്ടിയെന്നും ജാഗ്രത പാലിക്കണമെന്നും ബംഗലൂരു പൊലീസ് കേരളത്തെ അറിയിച്ചിരുന്നു. ട്രെയിനുകളില്‍ സ്‌ഫോടനം നടത്തുമെന്നും ഇതിനായി 7 തീവ്രവാദികള്‍ രമേശ്വരത്ത് എത്തിയെന്നുമായിരുന്നു ഭീഷണി സന്ദശം.
ഇതെ തുര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികളോട് ജാഗ്രത പാലിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയിരുന്നു.