ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ ഭീകരാക്രമണ മുന്നറിയിപ്പ്. മൂന്ന് ജെയ്ഷെ ഭീകരര്‍ ഡല്‍ഹിയിലെത്തിയതായാണ് സംശയം. ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലാണ് പരിശോധന നടത്തുന്നത്.
ആകെ എട്ടിലധികം ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന സൂചനകളും രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്നുണ്ട്. സൈന്യത്തിനെതിരെ ചാവേര്‍ ആക്രണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മുകശ്മീരിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
അമേരിക്കല്‍ രഹസ്യാന്വേഷണ ഏജന്‍സികളും റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചതായാണ് വിവരം. ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാക്ക് കേന്ദ്രീകൃത സംഘടകള്‍ ശ്രമിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം അമേരിക്ക ഇന്ത്യയ്ക്ക് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് പലയിടങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു.
വ്യോമത്താവളങ്ങളില്‍ ആക്രമണം നടത്താനുള്ള പദ്ധിതകളാണ് ഭീകരര്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് അമൃത്സര്‍. പത്താന്‍ക്കോട്ട്, ശ്രീനഗര്‍, അവന്തിപൂര്‍ എന്നിവിടങ്ങളിലെ വ്യോമത്താവളങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും സുരക്ഷ കര്‍ശനമാക്കുകയും ചെയ്തു. പലയിടങ്ങളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിര്‍ത്തികളില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.