കാബൂള്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ മലാല യൂസഫ് സായിയെ വധിക്കാന്‍ ഉത്തരവിട്ട താലിബാന്‍ ഭീകരന്‍ മൗലാന ഫസലുള്ള അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യു.എസ് സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇയാളോടൊപ്പം തെഹ്‌രീക് ഇ താലിബാന്റെ മറ്റ് നാല് നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനിസ്താനിലെ ഇസ്റ്റേണ്‍ കുണാര്‍ പ്രവിശ്യയില്‍വച്ചാണ് ഭീകരവാദി നേതാവ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് തെഹ്‌രീക് ഇ താലിബാന്‍ സ്ഥിരീകരിച്ചിട്ടില്ല. പെഷവാര്‍ ആര്‍മി പബ്ലിക്ക് സ്‌കൂളില്‍ 151 പേരുടെ മരണത്തിന് ഇടയാക്കിയ വെടിവെപ്പ് അടക്കമുള്ളതിന് നേതൃത്വം നല്‍കിയത് മൗലാന ഫസലുള്ളയായിരുന്നു.
പാക്കിസ്ഥാനിലെ സ്വാത്ത് ജില്ലയില്‍പ്പെട്ട മിങ്കോരയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന മലാല പെണ്‍കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ നിരോധനത്തോടുള്ള പ്രതിക്ഷേധത്തിന്റേയും അതുമായി ബന്ധപ്പെട്ട സാമൂഹ്യ സക്രിയതയുടേയും പേരിലാണ് അറിയപ്പെട്ടത്. 2012 ഒക്ടോബര്‍ 9നു നടന്ന ഒരു വധ ശ്രമത്തില്‍ മലാലയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റു. സ്‌കൂള്‍ കഴിഞ്ഞ് സ്‌കൂള്‍ ബസ്സില്‍ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഇതിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.