കൊച്ചി: നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ച് മാർച്ച് പത്തിന് പ്രദർശനത്തിന് എത്തുന്നു. നിരവധി പ്രതിസന്ധികളെ മറികടന്ന് ലിസ്റ്റിൻ സ്റ്റീഫന്‍റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. മട്ടാഞ്ചേരി മൊയ്‌തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളിൽ നിവിൻ പോളി എത്തുന്ന ചിത്രത്തിൽ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേർ ലേബർ കോണ്ട്രാക്ടർമാരുടെ ഓഫീസുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നു. കോണ്ട്രാക്ടർമാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികൾ പരസ്പരം പൊരുതുന്ന ഒരു കാലം.