ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹുദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിക്കൊപ്പം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ട അവസാനത്തെ ഭീകരനെയും സൈന്യം വധിച്ചു. ബുര്‍ഹാന്‍ വാനിയുടെ സംഘത്തിലുണ്ടായിരുന്ന ലത്തീഫ് ടൈഗര്‍ എന്ന ഭീകരനെയാണ് ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഉച്ചയോടെ ലത്തീഫിനെ വധിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ഒപ്പം രണ്ടു ഭീകരരെയും സൈന്യം വധിച്ചു. താരിഖ് മൗലവി, ഷെരിഖ് അഹമ്മദ് നെന്‍ഗ്രൂ എന്നിവരാണ് ഇവരെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും ഷോപ്പിയാനില്‍നിന്നുള്ളവരാണ്. ഭീകരര്‍ ഒളിച്ചിരുന്ന വീട് സൈന്യം പൂര്‍ണമായി തകര്‍ത്തു.
ബുര്‍ഹാന്‍ വാനിയെ 2016-ല്‍ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചതാണ് താഴ് വരയില്‍ ഏതാനും വര്‍ഷമായി തുടരുന്ന കലാപങ്ങള്‍ക്കും രൂക്ഷസംഘര്‍ഷത്തിനും വഴിമരുന്നിട്ടത്. ബുര്‍ഹാന്‍ വാനിക്കൊപ്പം 10 പേര്‍ സായുധരായിനിന്ന് ആപ്പിള്‍ തോട്ടത്തില്‍ വച്ചെടുത്ത ഫോട്ടോ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 2014-ല്‍ പകര്‍ത്തിയ ചിത്രമായിരുന്നു ഇത്. ബുര്‍ഹാന്‍ വാനിയെ വധിച്ചതിനു പിന്നാലെ ബാക്കിയുള്ളവരെ ഒന്നിനുപിറകെ ഒന്നായി സൈന്യം ഏറ്റുമുട്ടലുകളില്‍ വധിച്ചു.