ന്യൂഡല്‍ഹി: ഒടുവില്‍ ആ ചോരക്ക് ഇന്ത്യന്‍ സൈന്യം പകരം ചോദിച്ചു.
ഭാവിയില്‍ ഇന്ത്യന്‍ സൈനിക മേധാവിവരെയാവാന്‍ സാധ്യതയുണ്ടായിരുന്ന ഇരുപത്തിരണ്ടുകാരനായ ലഫ്റ്റനന്റ് ഉമര്‍ ഫയാസിനെ തട്ടികൊണ്ടു പോയി വധിച്ച സംഘത്തിലെ പ്രധാനി ലഷ്‌കര്‍ ഭീകരന്‍ ഇഷാന്ത് പാഡറിനെയാണ് സൈന്യം വധിച്ചത്.
സൈന്യത്തിലെ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരനെ വധിച്ചത്. കുല്‍ഗാമിലെ തന്ത്രേപോരയിലായിരുന്നു ഏറ്റുമുട്ടല്‍.
അവശേഷിച്ചവരെയും ഉടന്‍ നാമാവശേഷമാക്കാനുള്ള നീക്കത്തിലാണ് സൈന്യം.
കഴിഞ്ഞ മേയിലാണു പുതുതായി നിയമിക്കപ്പെട്ട ലഫ്റ്റനന്റ് ഉമര്‍ ഫയാസിനെ ലഷ്‌കര്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഷോപ്പിയാനില്‍ വിവാഹ വിരുന്നില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം.
അതിര്‍ത്തിയിലെ സൈനിക ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്കയുണര്‍ത്തുന്നതായിരുന്നു ഫയാസിന്റെ കൊലപാതകം. ഡ്യൂട്ടിയില്‍ ഇല്ലാത്തപ്പോള്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത് അസാധാരണ നടപടിയാണ്.
ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേയും പൂണെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെയും പരിശീലനത്തിനു ശേഷം എട്ട് മാസങ്ങള്‍ക്കു മുന്‍പാണ് ഫയാസ് സൈന്യത്തിന്റെ രജപുത്ര റൈഫിള്‍സ് വിഭാഗത്തില്‍ ജോയിന്‍ ചെയ്തത്. ജമ്മു കാശ്മീരിലെ അഖ് നൂര്‍ സെക്ടറിലായിരുന്നു ആദ്യ പോസ്റ്റിംങ്ങ്.
ഐഎഎസ് – ഐപിഎസ് പോലെ സൈന്യത്തിലെ ഉന്നത റാങ്കിലേക്ക് നേരിട്ട് നടക്കുന്ന റിക്രൂട്ട്‌മെന്റാണിത്.
ചെറുപ്രായത്തില്‍ ഐപിഎസ് നേടുന്ന യുവത്വത്തിന് ഡിജിപിയായി വിരമിക്കാന്‍ കഴിയുന്നത് പോലെ, ജൂണ്‍ എട്ടിന് 23 തികഞ്ഞ ലഫ്.ഫയാസിനുമേലും സൈനിക ജനറല്‍ ആകാനുള്ള സാധ്യതകള്‍ ഏറെയായിരുന്നു.
ആ പ്രതീക്ഷകളെയാണ് ഇഷാന്ത് പാഡര്‍ അടക്കമുള്ള ഭീകരര്‍ തല്ലിക്കെടുത്തിയത്.
തട്ടികൊണ്ടുപോയ ഫയാസിനെ ഭീകരര്‍ വിട്ടയക്കുമെന്ന് കരുതി കുടുംബം പൊലീസിനെയും സൈന്യത്തേയും അറിയിക്കാന്‍ വൈകിയതാണ് അബദ്ധമായത്.
സ്വന്തം ഗ്രാമത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഷോപ്പിയാനില്‍ നിന്നും ലഭിച്ച ഫയാസിന്റെ മൃതദേഹത്തില്‍ നിരവധി മുറുവുകളാണ് കണ്ടെത്തിയിരുന്നത്.
താടിയിലും വയറിന്റെ ഭാഗത്തും വെടിയേറ്റ പാടുകളുണ്ടായിരുന്നു. കൊല്ലുന്നതിനു മുന്‍പ് ക്രൂര മര്‍ദ്ദനത്തിന് ഇരയായിരുന്നു എന്ന് വ്യക്തമാകുന്നതാണിത്.
ഫയാസിനെ കൊന്നവര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് സൈനികര്‍ ഉഗ്രശപഥമെടുത്തിരുന്നു. ആ ശപഥമാണിപ്പോള്‍ സൈന്യം നിറവേറ്റിയിരിക്കുന്നത്.