ഭീകരവാദ ബന്ധം; കാശ്മീരില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കി

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധം കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ഭീകര ബന്ധമുള്ളതായി കണ്ടെത്തിയത്. ഇവരെ എല്ലാവരെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഭീകരവാദി സയിദ് സലാഹുദ്ദീന്റെ രണ്ട് മക്കളും പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നു.

ഭീകരവാദികള്‍ക്ക് വിവരങ്ങള്‍ കൈമാറുകയും ആയുധങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. അനന്തനാഗ്, ബുദ്ഗാം, ബരാമുള്ള, ശ്രീനഗര്‍, പുല്‍വാമ, കുപ്വാര എന്നിവിടെയുള്ള ഉദ്യേഗസ്ഥരെയാണ് ഭരണഘടന 311 പ്രകാരം അന്വേഷണമില്ലാതെ പുറത്താക്കിയത്. രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്ദ് സലാഹുദ്ദീന്റെ മക്കള്‍, വിദ്യാഭ്യാസം, കൃഷി, നൈപുണ്യ വികസനം, വൈദ്യുതി, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചവര്‍ എന്നിവരെയാണ് ഭീകരബന്ധത്തെ തുടര്‍ന്ന് പിരിച്ചുവിട്ടത്.

സയ്ദ് സലാഹുദ്ദീന്റെ മക്കളായ സയ്ദ് ഷാഖീല്‍, ഷാഹിദ് യൂസുഫ് എന്നിവരാണ് പിരിച്ചുവിട്ടവരിലെ പ്രധാനികള്‍. ഇവരില്‍ ഒരാള്‍ വിദ്യാഭ്യാസ വകുപ്പിലും മറ്റൊരാള്‍ സ്‌കിംസിലുമാണ് ജോലി ചെയ്തിരുന്നത്. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ അടക്കമുള്ള സംഘടനകളെ ഇരുവരും സഹായിച്ചുവെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഐഎ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ജമ്മു കാശ്മീര്‍ ഭരണകൂടം നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണ് നടപടി. പരാതിയുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

Top