ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരാക്രമണ പദ്ധതിയുമായി അറസ്റ്റിലായ ഐഎസ് ഭീകരനുമായി ബന്ധപ്പെട്ട അന്വേഷണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും. പ്രധാന നഗരങ്ങളില്‍ ഐഎസ് ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അറസ്റ്റിലായ അബു യൂസഫില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് കര്‍ണാടക, ആന്ധ്ര പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റുകളുമായി ഡല്‍ഹി പൊലീസ് ആശയവിനിമയം നടത്തി.
ഭീകരന് ഈ രണ്ട് സംസ്ഥാനങ്ങളിലെ ഐഎസ് ഭീകരരുമായി ബന്ധമുണ്ട്. ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് അബു യൂസഫ് സമ്മതിച്ചതായി പൊലീസ് പറയുന്നു. ഐഎസിന്റെ ഇന്ത്യന്‍ പതിപ്പിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചെന്നും വിവരമുണ്ട്.
അബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആന്ധ്ര കര്‍ണാടക സംസ്ഥാനങ്ങളിലെ പൊലീസ് സേനയുമായി ദില്ലി പൊലീസ് ആശയവിനിമയം നടത്തി. ഇതുവരെ പിടിയിലായവരുടെയും ഐഎസ് ബന്ധം സംശയിക്കുന്നവരുടെയും വിവരങ്ങള്‍ പ്രാഥമികമായി ശേഖരിച്ചിട്ടുണ്ട്. കര്‍ണാടകത്തില്‍ മാത്രം കഴിഞ്ഞ ആഴ്ച്ച ഐഎസുമായി ബന്ധം സംശയിക്കുന്ന രണ്ട് അറസ്റ്റുകളാണ് നടന്നത്.
ബെംഗളൂരു കലാപവുമായി ബന്ധപ്പെട്ട് ഒരാളെ ബെംഗളൂരു പൊലീസും ഭീകരര്‍ക്കായി ആപ്പ് നിര്‍മ്മിച്ച് നല്‍കിയെന്ന് ആരോപണത്തില്‍ യുവ ഡോക്ടറായ അബ്ദുര്‍ റഹ്മാനെ ദേശീയ അന്വേഷണ ഏജന്‍സിയുമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ അബുയൂസഫിനെ ബല്‍റാംപൂരിലെ ഗ്രാമത്തില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഇവിടെ നിന്ന് കൂടുതല്‍ സ്‌ഫോടകവസ്തുക്കളും. ബോംബ് ഘടിപ്പിക്കാനുള്ള ബെല്‍റ്റുകളും , ഐഎസ് പതാകയും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.