കോഴിക്കോട്: തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി എന്നിവര്‍ക്കാണ് തീവ്രവാദ ഭീഷണിയുള്ളത്.
ഇസ്‌ലാമിക തീവ്രവാദ സംഘടനയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പൊലീസ് കനത്ത സുരക്ഷയാണ് ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേതാക്കളുടെ ജീവന് ഭീഷണയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തെ തുടര്‍ന്ന് ഇവരുടെ വീടുകള്‍ക്ക് സമീപം നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
കെ. സുരേന്ദ്രന്റെ വീടിനുസമീപം കഴിഞ്ഞ ദിവസം മുതല്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മൂന്നു ദിവസം മുമ്പാണ് പൊലീസിന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് കൈമാറിയത്.
കോഴിക്കോട് ദേശീയ കൗണ്‍സില്‍ യോഗം നടക്കുന്ന സാഹചര്യത്തില്‍ തീവ്രവാദ ബന്ധം സംശയിക്കുന്നവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് നിരീക്ഷിച്ചിരുന്നു. ഇതില്‍ നിന്നാണ് നേതാക്കള്‍ക്ക് ഭീഷണിയുള്ളതായി സൂചന ലഭിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പ്രധാനമന്ത്രിയും 12 കേന്ദ്രമന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടുള്ളതിനാല്‍ ഇത്തരം ഭീഷണികള്‍ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.
മന്ത്രിമാരുടെയും ബിജെപി നേതാക്കളുടെയും സുരക്ഷയ്ക്കായി എസ്പിജി, എന്‍എസ്ജി, അര്‍ധ സൈനിക വിഭാഗം എന്നിവരെ നിയോഗിച്ചിട്ടുണ്ട് .