ശ്രീനഗര്‍: സ്വാതന്ത്ര്യ ദിനത്തില്‍ കശ്മീരില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഭീകരനെ പൊലീസ് പിടികൂടി. ജമ്മുവില്‍ നിന്ന് ഞായറാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കശ്മീര്‍ സ്വദേശിയായ അര്‍ഫാന്‍ വാനി അറസ്റ്റിലായത്. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലുള്ള അവന്തിപോര സ്വദേശിയാണ് അര്‍ഫാന്‍. ഇയാളുടെ കൈയില്‍ നിന്നും എട്ട് ഗ്രാനേഡുകളും 60,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ചാവേര്‍ ആക്രമണം നടത്താന്‍ ഭീകരര്‍ ഡല്‍ഹിയിലെത്തിയതായാണ് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലഷ്‌കര്‍ ഇ തൊയ്ബ, ജയ്ഷ് ഇ മൊഹമ്മദ് എന്നീ തീവ്രവാദ ഗ്രൂപ്പുകളാണ് അക്രമങ്ങള്‍ക്ക് ഒരുങ്ങുന്നതെന്നാണ് സൂചന.
ഭീകരരുടെ സാറ്റലൈറ്റ് ഫോണ്‍ സംഭാഷണം പിടിച്ചെടുത്തതിലൂടെയാണ് ഈ വിവരം പുറത്തായത്. ഒരു സംഘം ഭീകരര്‍ അതിര്‍ത്തി രേഖക്ക് സമീപമുള്ള ചുര എന്ന പ്രദേശം വഴി ഇന്ത്യയിലേക്ക് പ്രവേശിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ടാംഗ്ധര്‍ മേഖലയിലെ സൈനിക ക്യാമ്പുകള്‍ ലക്ഷ്യമിട്ടാണ് ഇവര്‍ നീങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതേതുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കാന്‍ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനോട്(എസ്പിജി) ആവശ്യപ്പെട്ടിട്ടുണ്ട്.