തീവ്രവാദികള്‍ സഹോദരങ്ങള്‍, അവരുടെ മരണം ആഘോഷിക്കരുതെന്ന് പി.ഡി.പി എം.എല്‍.എ

aishad

ശ്രീനഗര്‍: കാശ്മീരിലെ ഭീകരവാദികളെ പിന്തുണയ്ക്കുന്ന പ്രസ്താവനയുമായി പി.ഡി.പി എം.എല്‍.എയായ ഐജാസ് അഹമ്മദ് മിര്‍. തീവ്രവാദികള്‍ രക്തസാക്ഷികളും അവര്‍ നമ്മുടെ സഹോദരങ്ങളുമാണ്, അവരുടെ മരണം നമ്മള്‍ ഒരിക്കലും ആഘോഷമാക്കരുതെന്ന് ഐജാസ് അഹമ്മദ് മിര്‍ പറഞ്ഞു.

തീവ്രവാദികളുടെ മരണം ആഘോഷിക്കുന്നത് നമ്മുടെ പരാജയമാണെന്നും, നമ്മുടെ നാടിന് കാവല്‍ നില്‍ക്കുന്ന ജവാന്‍മാരുടെ രക്തസാക്ഷിത്വത്തില്‍ നമ്മള്‍ ദുഖിതരാവാറുണ്ട്, അവരുടെ കുടുംബത്തെ നമ്മള്‍ ആശ്വസിപ്പിക്കാറുണ്ട്. അതുപോലെ, ഒരു തീവ്രവാദിയോടും അയാളുടെ കുടുംബത്തോടും ജവാന്‍മാര്‍ക്ക് നല്‍ക്കുന്ന കരുണ നമ്മള്‍ കാണിക്കണമെന്ന് അഹമ്മദ് മിര്‍ അഭിപ്രായപ്പെട്ടു. കാശ്മീരിലെ വാച്ചി നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എയാണ് ഐജാസ് അഹമ്മദ് മിര്‍.

ഇതിനോടകം എം.എല്‍.എയുടെ വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്സ് രംഗത്തെത്തിയിട്ടുണ്ട്. തീവ്രവാദികളെ പിന്തുണയ്ക്കുന്ന എം.എല്‍.എയുടെ പ്രസ്താവനയ്ക്ക് കാശ്മീരില്‍ പി.ഡി.പിയുമായി കക്ഷി ചേര്‍ന്ന ബി.ജെ.പി മറുപടി നല്‍കണമെന്ന് കോണ്‍ഗ്രസ്സ് വക്താവ് ടോം വടക്കന്‍ ആവശ്യപ്പെട്ടു.

Top