കാബൂള്‍: കാബൂളിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ പൊലീസ് അറിയിച്ചു. ഏഴ് വിദ്യാര്‍ഥികള്‍ അടക്കമാണ് 12 പേര്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ മൂന്ന് പൊലീസുകാരും രണ്ട് സുരക്ഷാ ഭടന്മാരും ഉള്‍പ്പെടും.
ആക്രമണത്തില്‍ 44 പേര്‍ക്കു പരിക്കേറ്റു. അതില്‍ 35 വിദ്യാര്‍ഥികളണെന്ന് കാബൂള്‍ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഫ്രെയ്ദൂന്‍ ഒബൈദി അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരമാണ് ഭീകരാക്രമണം നടന്നത്. സുരക്ഷാ സൈനികര്‍ പ്രത്യാക്രമണത്തിലൂടെ രണ്ട് ഭീകരരെ വധിച്ചതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സര്‍വകലാശാലയ്ക്കുള്ളില്‍ കുടുങ്ങിക്കിടന്ന അധ്യാപകരെയും വിദ്യാര്‍ഥികളെയും മോചിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍നിന്നുള്ള രണ്ട് പ്രഫസര്‍മാരെ സര്‍വകലാശാലയില്‍നിന്ന് ഈ മാസം ആദ്യം ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നു. 2006ലാണ് കാബൂളില്‍ അമേരിക്കന്‍ സര്‍വകലാശാല ആരംഭിച്ചത്.