ശ്രീനഗര്‍: ജമ്മുകശ്മീരിലെ പാംപോറില്‍ സര്‍ക്കാര്‍ ഓഫീസ് കെട്ടിടത്തില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. പംപോറിലെ എന്റര്‍പ്രിണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തിലാണ് ഏറ്റുമുട്ടല്‍. മൂന്നു ഭീകരര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ഏറ്റുമുട്ടലില്‍ ഒരു സൈനികനു പരുക്കേറ്റു.
കെട്ടിടത്തിലെ ഹോസ്റ്റലില്‍ ഭീകരര്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇതറിഞ്ഞ സൈന്യം ആക്രമണം നടത്തുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ കെട്ടിടത്തില്‍ ഭീകരാക്രമണം ഉണ്ടായിരുന്നു.
ഫെബ്രുവരിയില്‍ ഇതേ കെട്ടിടത്തില്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്നു പാരാകമാന്‍ഡോകളാണ് കൊല്ലപ്പെട്ടത്. മൂന്നു ഭീകരരെയും സൈന്യം വധിച്ചു. 48 മണിക്കൂറാണ് അന്ന് വെടിവയ്പ്പ് നീണ്ടു നിന്നത്. അന്ന് ഭീകരര്‍ സിആര്‍പിഎഫ് ക്യാംപ് ആക്രമിച്ച് ഒരു ജവാനെ കൊലപ്പെടുത്തിയാണ് ഇഡിഐ ഓഫീസില്‍ കയറിയത്. ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു.
ഉറി ഭീകരാക്രമണത്തിന് മറുപടിയായി സെപ്റ്റംബര്‍ 27ന് ഇന്ത്യന്‍ സൈന്യം പാക്ക് അധിനിവേശ കശ്മീരിലെ ഭീകര ക്യാംപുകളില്‍ മിന്നലാക്രമണം നടത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് ഭീകരര്‍ തിരിച്ചടി നടത്താന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു.