ഇമ്രാന്‍ ഖാന്‍ തിരിച്ചെത്തി; വീണ്ടും അതിര്‍ത്തിയില്‍ നിലയുറപ്പിച്ച് ഭീകരര്‍

ന്യൂഡല്‍ഹി: പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ യുഎസ് സന്ദര്‍ശനത്തോടനുബന്ധമായി രണ്ടാഴ്ചയോളമായി അതിര്‍ത്തിയില്‍ നിന്ന് അപ്രത്യക്ഷരായ ഭീകരര്‍, ഇമ്രാന്‍ ഖാന്‍ തിരിച്ചെത്തിയതോടെ വീണ്ടും അതിര്‍ത്തിക്കടുത്ത് നിലയുറപ്പിച്ചതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

ജൂലായ് 22 നാണ് ഇമ്രാന്‍ഖാന്‍ ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിനോടടുത്ത രണ്ടാഴ്ചയോളം അതിര്‍ത്തിയില്‍ നിന്ന് ഭീകരര്‍ അടുത്തുള്ള ഗ്രാമങ്ങളിലേക്ക് നീങ്ങിയിരുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

സാധാരണയായി പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഭീകരരുടെ നുഴഞ്ഞു കയറ്റം അധികമാവുന്നത് മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്താണ്‌. എന്നാല്‍ പതിവിന് വിപരീതമായി അതിര്‍ത്തിയില്‍ ദിവസങ്ങളോളം ഭീകരരുടെ അസാന്നിധ്യം അത്ഭുതമായെന്ന് ഒരു ഉന്നത ഇന്ത്യന്‍ സൈനികോദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ 200-250 ഓളം ഭീകരര്‍ വീണ്ടും അതിര്‍ത്തി രേഖയ്ക്കടുത്ത് നിലയുറപ്പിച്ചതായാണ് വിവരമെന്നും അദ്ദേഹം വ്യക്തമാക്കി.

Top