ടെഹ്റാൻ: ഇറാന്റെ തെക്കുപടിഞ്ഞാറൻ ഖുസെസ്ഥാൻ പ്രവിശ്യയിൽ പ്രതിഷേധക്കാർക്കും സുരക്ഷാ സേനയ്ക്കുമെതിരെ ഭീകരർ വെടിവച്ചു. വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. രണ്ട് മോട്ടോർസൈക്കിളുകളിലായി സായുധരായ തീവ്രവാദികൾ ഇസെഹ് നഗരത്തിലെ ഒരു സെൻട്രൽ മാർക്കറ്റിൽ എത്തി പ്രതിഷേധക്കാർക്കും സുരക്ഷാ സേനയ്ക്കും നേരെ വെടിയുതിർത്തതായാണ് റിപ്പോർട്ട്. പത്തിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.
വെടിവെപ്പിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഒക്‌ടോബർ 26 ന്, ഷിറാസിലെ ഷാ ചെറാഗ് ശവകുടീരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. ഇറാന്റെ വസ്ത്രധാരണ രീതി അനുസരിച്ചില്ലെന്നാരോപിച്ച് അറസ്റ്റ് ചെയ്ത മഹ്സ അമീനി കൊല്ലപ്പെട്ടതിനു ശേഷം ആരംഭിച്ച പ്രതിഷേധസമരങ്ങളിൽ രണ്ടുമാസത്തിനുള്ളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.