ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ രണ്ടു ലക്ഷ്‌കര്‍ ഭീകരരും ജമാത് ഉദ് ദവയുടെ മുതിര്‍ന്ന കമാന്‍ഡറും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്.
പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ബന്ദിപോറ ജില്ലയിലെ ഹാജിന്‍ പ്രദേശത്ത് ശനിയാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ആറു ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഭീകരര്‍ക്കെതിരായ ഓപ്പറേഷനില്‍ പങ്കെടുത്ത വ്യോമസേനാ കമാന്‍ഡര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥനു പരിക്കേറ്റിട്ടുമുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്നു പരിശോധന നടത്തുന്നതിനിടെ സേനയ്ക്കു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
അതേസമയം കൊല്ലപ്പെട്ട ഭീകരരെല്ലാം പാക്കിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് ജമ്മു കാഷ്മീര്‍ പോലീസ് മേധാവി എസ്.പി.വൈദ് അറിയിച്ചു. ഏറ്റുമുട്ടല്‍ വന്‍ വിജയമായിരുന്നെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കൊല്ലപ്പെട്ട ഒവൈദ് ജമാത് ഉദ് ദവയുടെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറാണ്. കൂടാതെ, 2008 മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സക്കിര്‍ റഹ്മാന്‍ ലഖ്വിയുടെ അനന്തവനുമാണ് ഇയാള്‍. കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ട മക്കി ലഷ്‌കര്‍ ഇ തോയ്ബ സ്ഥാപക നേതാവ് ഹാഫിസ് സയിദിന്റെ അടുത്തയാളാണ്.
അടുത്തിടെയാണ് വ്യോമസേന കമാന്‍ഡര്‍മാരെ സൈന്യത്തിനൊപ്പം സുരക്ഷയ്ക്കു നിയോഗിച്ചത്. ഇത്തരത്തില്‍ നിയോഗിച്ച സൈനികനാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.