ന്യൂഡല്‍ഹി: കശ്മീരിലെ ഷോപിയാനില്‍ വീരമൃത്യു വരിച്ച കശ്മീരി സൈനിക ഓഫീസര്‍ ഉമര്‍ ഫയാസിനെ കൊന്നവരോട് പ്രതികാരം ചെയ്യുമെന്ന് ശപഥം ചെയ്ത് സൈന്യം. ഈ ക്രൂരകൃത്യം ചെയ്തവരെ വെറുതെ വിടില്ലെന്ന് ഉമറിന്റെ കുടുംബത്തിന് ഉറപ്പു നല്‍കുന്നതായി ലെഫ്. ജനറല്‍ അഭയ് കൃഷ്ണ പറഞ്ഞു.
തെക്കന്‍ കശ്മീരിലെ ഷോപിയാന്‍ ജില്ലയിലുള്ള ഹെര്‍മന്‍ പ്രദേശത്ത് ബുധനാഴ്ച പുലര്‍ച്ചെയാണ് ദേഹമാസകലം വെടിയുണ്ട തറച്ച നിലയില്‍ ഫയാസിന്റെ മൃതദേഹം കണ്ടെത്തിയത്. കശ്മീരിലെ കുല്‍ഗാം സ്വദേശിയാണ് ഉമര്‍ ഫയാസ്.
ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് ഉമര്‍ ഫയാസ് ഷോപിയാനിലെത്തിയത്. ഷോപിയാനില്‍ അദ്ദേഹം താമസിച്ച സ്ഥലത്തു നിന്നാണ് ഭീകരര്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിമുതല്‍ അദ്ദേഹത്തെ കാണാനില്ലായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ ഈ വിവരം അധികൃതരെ അറിയിച്ചിരുന്നില്ല. ഭീകരര്‍ അദ്ദേഹത്തെ മോചിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെയോടെ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ലെഫ്. ഫയാസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഭീകരരുടെ ഭീരുത്വം നിറഞ്ഞ നടപടിയാണെന്നും ജമ്മു കശ്മീരില്‍ നിന്നുള്ള ഈ യുവ ഓഫീസര്‍ എല്ലാവര്‍ക്കും ഒരു മാതൃകയാണെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.