പറക്കുന്ന വിമാനത്തിലും ഓടുന്ന ട്രെയിനിലും പ്രസവം നടക്കുന്നത് ഇപ്പോള്‍ അത്യപൂര്‍വ വാര്‍ത്തയല്ല. എന്നാല്‍ ഓട്ടോപൈലറ്റിൽ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ കുഞ്ഞിനെ പ്രസവിച്ച സംഭവം ലോകത്താദ്യമായി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. അമേരിക്കയിലെ ഫിലഡെല്‍ഫിയയിലാണ് ഓട്ടോ പൈലറ്റ് സംവിധാനത്തില്‍ ഓടിക്കൊണ്ടിരുന്ന ടെസ്‌ല മോഡൽ 3 കാറിനുള്ളില്‍ പ്രസവം നടന്നത്.
ടെസ്‌ല മോഡൽ 3യുടെ മുന്‍ സീറ്റില്‍ വച്ചാണ് യുവതി കുഞ്ഞിനെ പ്രസവിച്ചതെന്നാണ് ഫിലഡെല്‍ഫിയ ഇന്‍ക്വയ്‌റര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ലോകത്തെ ആദ്യത്തെ ടെസ്‌ല ബേബി എന്നാണ് ഇവര്‍ കുഞ്ഞിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സുരക്ഷയുടെ പേരിലും ജീവനക്കാര്‍ നേരിടുന്ന മോശം തൊഴില്‍ സാഹചര്യത്തിന്റെ പേരിലും വലിയ തോതില്‍ വിമര്‍ശിക്കപ്പെടുന്നതിനിടെയാണ് ടെസ്‌ലക്ക് ആശ്വാസമായി ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
കാറിന്റെ ഉടമസ്ഥരായ യിറാന്‍, കേറ്റിങ് ഷെറി ദമ്പതികള്‍ മൂത്ത കുട്ടിയെ പ്രീ സ്‌കൂളിലാക്കുന്നതിന് വേണ്ടിയായിരുന്നു വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ കാറിനുള്ളിൽവച്ചു തന്നെ, പൂര്‍ണ ഗര്‍ഭിണിയായിരുന്ന യിറാന് പ്രസവലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. തുടര്‍ന്ന് എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലേക്ക് എത്താന്‍ ശ്രമിച്ചു. എന്നാല്‍ റോഡിലെ ട്രാഫിക് ബ്ലോക്ക് തടസ്സമായി.
ആശുപത്രിയിലെത്തുന്നത് പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞതോടെ കേറ്റിങ് ഷെറി കാറിനെ ഓട്ടോ പൈലറ്റിലേക്ക് മാറ്റി ഭാര്യയെ പ്രസവത്തിന് സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അപ്പോഴെല്ലാം മൂന്നു വയസ്സുകാരന്‍ റാഫയും പിന്‍സീറ്റില്‍ ഉണ്ടായിരുന്നു. ഏതാണ്ട് 20 മിനിറ്റ് അകലെയായിരുന്നു അപ്പോഴും ഏറ്റവും അടുത്തുള്ള ആശുപത്രി. ആശുപത്രിയിലെത്തിയപ്പോഴേക്കും യിറാന്‍ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
അമ്മയുമായുള്ള കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി ബന്ധം ടെസ്‌ലയുടെ മുന്‍സീറ്റിലിരുത്തിയാണ് ഡോക്ടര്‍മാര്‍ മുറിച്ചു മാറ്റിയത്. ലോകത്തെ ആദ്യത്തെ ‘ടെസ്‌ല കുഞ്ഞും’ അമ്മയും സുഖമായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവിതപങ്കാളിയുടെ ടെസ്‌ലയിലെ പ്രസവത്തിന്റെ വിവരം ഷെറി തന്നെയാണ് ട്വീറ്റിലൂടെ ലോകത്തെ അറിയിച്ചത്.