Tesla CEO says may source Samsung battery for energy storage products

വന്‍തോതില്‍ വില്‍ക്കാന്‍ ലക്ഷ്യമിട്ടു വികസിപ്പിക്കുന്ന സെഡാനായ ‘മോഡല്‍ ത്രീ’ക്കുള്ള ബാറ്ററി ജപ്പാനിലെ പാനസോണിക് കോര്‍പറേഷനാവും ലഭ്യമാക്കുകയെന്ന് യു എസില്‍ നിന്നുള്ള ആഡംബര വൈദ്യുത കാര്‍ നിര്‍മാതാക്കളായ ടെസ്‌ല മോട്ടോഴ്‌സ്.

‘മോഡല്‍ ത്രീ’ക്കുള്ള ബാറ്ററി വിതരണ കരാര്‍ കമ്പനിയുടെ കുത്തകയാവുമെന്ന് ടെസ്ല മോട്ടോഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എലോണ്‍ മസ്‌ക് സൂചിപ്പിച്ചതോടെ പാനസോണിക് കോര്‍പറേഷന്റെ ഓഹരി വിലയും ഉയര്‍ന്നു.

‘മോഡല്‍ ത്രീ’ക്കുള്ള ബാറ്ററിക്കായി കൊറിയയിലെ സാംസങ് എസ് ഡി ഐയുമായി ടെസ്‌ല മോട്ടോഴ്‌സ് ചര്‍ച്ച നടത്തുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കാറിനു പുറമെ ടെസ്‌ലയുടെ ഊര്‍ജ സംഭരണ സംവിധാനങ്ങള്‍ക്കുള്ള ബാറ്ററികളും സാംസങ് ലഭ്യമാക്കുമെന്നായിരുന്നു വാര്‍ത്ത.

‘മോഡല്‍ ത്രീ’ക്ക് ആവശ്യമുള്ള ബാറ്ററികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ പാനസോണിക്കിനും ടെസ്‌ലയ്ക്കും സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ സാംസങ്ങിനെ കൂടി പരിഗണിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇതേത്തുടര്‍ന്നാണ് ‘മോഡല്‍ ത്രീ’ക്കുള്ള ബാറ്ററിക്കായി പാനസോണിക്കുമായി മാത്രമാണു സഹകരിക്കുന്നതെന്ന് എലോണ്‍ മസ്‌ക് ട്വിറ്ററില്‍ വ്യക്തമാക്കിയത്.

അതേസമയം ലോകത്തിലെ എല്ലാ പ്രധാന ബാറ്ററി നിര്‍മാതാക്കളുമായി കമ്പനി സഹകരിക്കുന്നുണ്ടെന്നും ഓരോ സപ്ലയറുമായുള്ള വികസന പദ്ധതികള്‍ വിശദീകരിക്കാനാവില്ലെന്നുമായിരുന്നു ടെസ്ല വക്താവിന്റെ പ്രതികരണം.

ടെസ്‌ല മോട്ടോഴ്‌സ് ഇന്‍കോര്‍പറേറ്റഡിന്റെ ബാറ്ററി നിര്‍മാണശാലയ്ക്കു വാഗ്ദാനം ചെയ്ത നിക്ഷേപം ആവശ്യമെങ്കില്‍ നേരത്തെയാക്കാമെന്നു ജാപ്പനീസ് ഇലക്ട്രോണിക്‌സ് ഗ്രൂപ്പായ പാനസോണിക് കോര്‍പറേഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

‘മോഡല്‍ ത്രീ’ക്കു പ്രതീക്ഷിക്കുന്ന വര്‍ധിച്ച ആവശ്യം നിറവേറ്റാനായാണു ടെസ്‌ല പുതിയ ബാറ്ററി നിര്‍മാണശാല സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.

മൊത്തം 500 കോടി ഡോളര്‍ (ഏകദേശം 33295 കോടി രൂപ) ചെലവില്‍ ടെസ്‌ല സ്ഥാപിക്കുന്ന ‘ഗീഗഫാക്ടറി’യില്‍ ഘട്ടം ഘട്ടമായി 160 കോടി ഡോളര്‍ (10654.39 കോടി രൂപ) നിക്ഷേപിക്കാനാണു പാനസോണിക് തീരുമാനിച്ചിരിക്കുന്നത്.

അത്യാധുനിക കാര്‍ ബാറ്ററികളുടെ നിര്‍മാണം ഇക്കൊല്ലം തന്നെ ആരംഭിക്കാനാണു ടെസ്‌ല മോട്ടോഴ്‌സ് ലക്ഷ്യമിടുന്നത്.
ടെസ്‌ല ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ‘മോഡല്‍ ത്രീ’ക്കുള്ള ബുക്കിങ്ങിന് ഉജ്വല വരവേല്‍പ്പാണു വിപണി നല്‍കിയത്.

അതുകൊണ്ടുതന്നെ 2018നകം വാര്‍ഷിക ഉല്‍പ്പാദനശേഷി അഞ്ചു ലക്ഷം യൂണിറ്റോളമായി ഉയര്‍ത്താനും ടെസ്‌ല ലക്ഷ്യമിട്ടിട്ടുണ്ട്; മുമ്പ് നിശ്ചയിച്ചതിലും രണ്ടു വര്‍ഷം നേരത്തെയാണിത്.

ഉല്‍പ്പാദനശേഷി ഉയര്‍ത്താനായി 140 കോടി ഡോളറി(ഏകദേശം 9322.59 കോടി രൂപ)ന്റെ മൂലധനനിക്ഷേപം സമാഹരിക്കാനും ടെസ്‌ല മോട്ടോഴസ് തയാറെടുക്കുന്നുണ്ട്.

വര്‍ധിപ്പിച്ച വാര്‍ഷിക ഉല്‍പ്പാദനലക്ഷ്യം കൈവരിക്കാനുള്ള മൂലധന സമാഹരണത്തിനായി 68 ലക്ഷം ഓഹരികള്‍ പൊതുജനങ്ങള്‍ക്കു വില്‍ക്കുമെന്നാണു ടെസ്‌ല മോട്ടോഴ്‌സ് നല്‍കുന്ന സൂചന.

അടുത്ത വര്‍ഷം ആദ്യം കാര്‍ കൈമാറാമെന്ന പ്രതീക്ഷയില്‍ 3.73 ലക്ഷത്തോളം ബുക്കിങ്ങുകളാണ് ‘മോഡല്‍ ത്രീ’ക്കായി ടെസ്‌ല സ്വീകരിച്ചത്.

‘മോഡല്‍ എസ്’, ‘മോഡല്‍ എക്‌സ്’ എന്നിവയ്‌ക്കൊപ്പം ‘മോഡല്‍ ത്രീ’ കൂടി ചേരുന്നതോടെയാവും വാര്‍ഷിക ഉല്‍പ്പാദനം അഞ്ചു ലക്ഷം യൂണിറ്റോളമെത്തുകയെന്നും ടെസ്‌ല മോട്ടോഴ്‌സ് വിശദീകരിച്ചിട്ടുണ്ട്.

Top