വാഷിംങ്ടണ്‍ : ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ലയുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ഇലോണ്‍ മസ്‌ക് ഒഴിയുന്നു.
കമ്പനി സ്വകാര്യവല്‍ക്കരിക്കുന്നുവെന്ന തരത്തില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തി നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച സംഭവത്തെത്തുടര്‍ന്നാണു സ്ഥാനനഷ്ടം. ഇതുമായി ബന്ധപ്പെട്ടുള്ള കേസില്‍ ടെസ്ലയും മസ്‌ക്കും രണ്ടു കോടി ഡോളര്‍ വീതം നഷ്ടപരിഹാരവും നല്‍കണം.
യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷനുമായുള്ള(എസ്ഇസി) ധാരണ പ്രകാരമാണു ചെയര്‍മാന്‍ സ്ഥാനത്തു നിന്നു മസ്‌ക് മാറുക. എന്നാല്‍ സിഇഒ സ്ഥാനത്തു തുടരാനാകും. നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞതു മൂന്നു വര്‍ഷത്തേക്കെങ്കിലും മസ്‌ക് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു മാറി നില്‍ക്കേണ്ടി വരും.
കമ്പനിയുടെ ഓഹരി ഉടമകളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയെങ്കിലും പുറമേ നിന്നു പുതിയ ചെയര്‍മാനെ സ്വീകരിക്കേണ്ടി വരുമെന്നാണു സൂചന.
ഓഗസ്റ്റ് ഏഴിന് മസ്‌കിന്റെ ഒരു ട്വീറ്റാണ് അദ്ദേഹത്തിന്റെ സ്ഥാനം തെറിക്കാനിടയാക്കിയത്. ടെസ്ല കമ്പനി സ്വകാര്യവല്‍ക്കരിക്കാന്‍ പോകുകയാണെന്ന മട്ടില്‍ ട്വീറ്റ് ചെയ്തതാണ് ഇദ്ദേഹത്തിനു തിരിച്ചടിയായത്. ടെസ്ലയെ ഒരു ഓഹരിക്ക് 420 ഡോളര്‍ എന്ന നിരക്കില്‍ പ്രൈവറ്റ് ലിസ്റ്റിങ്ങിലേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നായിരുന്നു ട്വീറ്റ്. ഇതിന് ഏകദേശം 7000 കോടി ഡോളര്‍ വേണ്ടി വരുമെന്നും പിന്നീട് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ടു ചില കമ്പനികളുമായി ചര്‍ച്ചകളിലാണെന്നും അദ്ദേഹം പറഞ്ഞു. സൗദി കമ്പനിയുമായി ചര്‍ച്ച നടന്നെന്ന അഭ്യൂഹവും ശക്തമായി. താന്‍ സി ഇ ഒയായി തുടരുമെന്നും കൈവശമുള്ള ഓഹരികള്‍ വില്‍ക്കില്ലെന്നും, മസ്‌ക് വ്യക്തമാക്കിയതോടെ നിക്ഷേപകരും ഇടഞ്ഞു.
നിലവില്‍ പബ്ലിക് കമ്പനിയായാണ് ടെസ്ല ലിസ്റ്റ് ചെയ്തിരിക്കുന്നത്. സ്വകാര്യവല്‍ക്കരിക്കുന്നതോടെ സാമ്പത്തിക റിപ്പോര്‍ട്ട് ഓരോ പാദത്തിലും പരസ്യപ്പെടുത്തേണ്ടതില്ല എന്നതുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കമ്പനിക്കു ലഭിക്കുമായിരുന്നു.